Skip to main content

മാസായി മാര... (യാത്രാ വിവരണം - Manto Konikkara)

കൂട്ടുകാർ കുറെ ഉണ്ടെങ്കിലും ഒരു അരിപ്പ എടുത്തു അരിക്കുമ്പോൾ നമ്മൾ എടുത്തു കളയാൻ അരിപ്പയിൽ അവശേഷിച്ച ധാന്യമണികൾ എന്നു വേണേൽ വിളിക്കാം..ഈ കഥയിൽ ഞങ്ങൾ എന്നു പറയുന്നത് ഈ നാലു ധാന്യമണികളും പിന്നെ അവരുടെ കുടുംബവും ആണ്...എറിയുമ്പോൾ വന്നു വീഴുന്ന സ്ഥലം പലതാണ്...കോളേജിൽ കണ്ടിട്ടുണ്ട് എന്നോർത്ത് ഞങ്ങൾ ഒരുമിച്ചല്ല ക്ലാസ്സിൽ ഇരുന്നത്...ഇപ്പോഴും ഞങ്ങൾ ഒന്നിച്ചൊന്നും അല്ല..ഒരാൾ അബുദാബി, ഒരാൾ ദുബായ്, ഒരാൾ ഷാർജ, ഒരാൾ സൗദി..തമ്മിൽ യാതൊരു സാമ്യതകളും ഇല്ല.. വിപരീത ധ്രുവങ്ങൾ ആകർഷിക്കും എന്നു ശാസ്ത്രത്തിൽ പഠിച്ചത് ജീവിതത്തിലും ശരിയാണ്...

ഗൾഫിൽ ജാതി മതഭേതമന്യേ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈദ് ഒഴിവു ദിവസങ്ങൾ..അതുകൊണ്ട് ഒരു മാസം മുൻപെ ആസൂത്രണത്തിന്റെ ഭാഗമായി കുറെ ആഡംബര റിസോർട്സിന്റെ വില വിവര പട്ടികയെല്ലാം നോക്കി അന്ധാളിച്ചിരുന്നു..അടുത്ത് കിടക്കുന്ന സലാല എങ്കിലും പോവാൻ പറ്റാത്ത അവസ്ഥ..നാട്ടിൽ പോവാൻ ഓർത്തു വിമാനത്തിന്റെ ടിക്കറ്റ്‌ നിലവാരം കണ്ടപ്പോൾ ഞെട്ടി..

ആസൂത്രണം നിർത്തി വീട്ടിൽ കഴിഞ്ഞു കൂടാൻ തീരുമാനിക്കുന്നതിന് തൊട്ട് മുൻപെ ഉള്ള നിമിഷം..ചിന്താ ധാര ഇങ്ങനെ പോയി. "എളുപ്പത്തിൽ സുഖം തരുന്ന എന്തിനും രണ്ടു പവൻ സ്വർണത്തേക്കാൾ വിലവരും ഒഴിവു ദിവസങ്ങളിൽ..എളുപ്പത്തിൽ കിട്ടുന്ന സുഖം വേണ്ടാന്നു വച്ചാലോ? ഇച്ചിരി ബുദ്ധിമുട്ടാനും ഭയപ്പെടാനും തയ്യാറാണ്..അധികം ആരും പോകാത്ത സ്ഥലം..മാധ്യമ സൃഷ്ടികൾ ഏറ്റെടുത്തു നശിപ്പിക്കാത്ത സ്ഥലം.."

ലോകഭൂപടം എടുത്തു വച്ചു..പച്ച പരവതാനി വിരിച്ച നാട്ടിൽ നിന്നും ഉള്ളത് കൊണ്ടാകാം പച്ചപ്പുള്ള സ്ഥലത്തിനോട് ഇഷ്ടം ആണ്..എന്നാലോ അത് മനുഷ്യനല്ല പ്രകൃതി സ്വയം ഉണ്ടാക്കിയതാവണം..മേല്പറഞ്ഞ എല്ലാം കൂട്ടി നോക്കി മാപ്പിൽ വിരലോടിച്ചു.. അധികം താമസിയാതെ കൈവിരൽ ആഫ്രിക്കയുടെ നേരെ നിന്നു.. പഠിച്ച കോളേജ് ന്റെ ദുബായിലെ കൂട്ടായ്മയിൽ യാത്രയെ കുറിച്ചു അവതരിപ്പിച്ചു...അരിപ്പയിലൂടെ കൊഴിഞ്ഞു പോയവരുടെ എണ്ണം കൂടുതലായിരുന്നു ഇത്തവണ...ബാക്കി വന്നവർ ഞങ്ങൾ നാലു പേർ..എവിടെയും എറിയപ്പെടാൻ തയ്യാറായവർക്കു ഒരേ സ്വരം ആണ്..വ്യാപാരസമുച്ചയങ്ങളും  ഉണ്ടാക്കിയെടുത്ത ഉദ്യാനങ്ങളും കണ്ടു മടുത്തത് കൊണ്ടാകാം ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്...


ഈദിന്റെ ചന്ദ്രക്കല കാണുവാൻ ഞാനും കാത്തിരുന്നു കാരണം ഇപ്രാവശ്യത്തെ ഈദ് യാത്ര  പതിവിലും വിപരീതമായാണ് ആസൂത്രണം ചെയ്തത്.. സ്ഥലത്തിന്റെ പേര് മാസായി മര..ഞങ്ങൾ ഇതുവരെ ഇങ്ങനെ ഒരു സ്ഥലം കേട്ടിട്ടില്ല..പച്ചപ്പുള്ള കാട്  ഭൂപടത്തിൽ കണ്ടത് കൊണ്ടു എടുത്ത തീരുമാനം ആയിപ്പോയില്ലേ..അവിടെ എത്തിച്ചേരാനുള്ള വഴികൾ നോക്കി..കെനിയയിലെ നൈറോബി ആണ് അടുത്തുള്ള വിമാനത്താവളം..മാപ്പിൽ നോക്കിയപ്പോൾ അവിടെ നിന്നും ദൂരം 287കിലോമീറ്റർ..കംപ്യൂട്ടറിന്റെ സഹായത്തോടെ ഇന്റർനെറ്റിൽ നോക്കി കെനിയയിലെ ഒരു ടൂർ ഓപ്പറേറ്ററെയും കിട്ടി..

2 ആഴ്ച്ച കൂടെ കഴിഞ്ഞാൽ ഈദ് തുടങ്ങും..പൈസയും ടിക്കറ്റും വിസയും എല്ലാം ശെരിയാക്കാൻ ഈ സമയപരിധി കുറവാണ്..ഒരു ടൂർ പോകുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയം ആയിരുന്നു അത്. ഞങ്ങളുടെ ഇടയിൽ എന്നെ പോലെ തന്നെ വേറെ ഒരാളുടെ കൂടെ വിവാഹം കഴിഞ്ഞിട്ടുള്ളതാണ്. അങ്ങനെ മൊത്തം 6 പേർക്കുള്ള ടിക്കറ്റ്‌,  വിസ എല്ലാം 3 ദിവസത്തിനുള്ളിൽ ബുക്ക്‌ ചെയ്തു.. ടൂർ ഓപ്പറേറ്ററിനോട് കാര്യങ്ങൾ എല്ലാം തിരക്കി..അയാളുടെ പേര് സീസർ എന്നാണ്..വിമാനത്തിന്റെ സമയവും ഞങ്ങളുടെ വിവരങ്ങളും കൈമാറി..

പിന്നീടാണ് അയാൾ ഞങ്ങളോട് ഒരു പ്രതിരോധ കുത്തി വയ്‌പിനെ കുറിച്ചു പറഞ്ഞത്..കൊതുകു വഴി പകരുന്ന മലേറിയ അടക്കം ഉള്ള 4 രോഗങ്ങൾ..അതില്ലാതെ കെന്യയിലോട്ടോ യാത്രക്ക് ശേഷം ദുബായിലോട്ടോ പ്രവേശനം അസാധ്യം ആണത്രേ...നെഞ്ചിടിപ്പ് കൂടി..കാരണം ഗൾഫിൽ ഇതുപോലെ ഉള്ള കുത്തിവയ്‌പിന്‌ കാശും കാത്തിരിപ്പും കൂടുതലാണ് പിന്നെ ലഭ്യതയും ഇല്ല..ഉള്ള സ്ഥലത്തു ഇതുപോലുള്ള കുത്തി വയ്‌പിന്റെ വില 15000 ഇന്ത്യൻ രൂപ ആണ്..

എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കെനിയൻ കൂട്ടുകാരനോട് കാര്യം തിരക്കി..ഒരു കുത്തിവെയ്‌പും വേണ്ട എന്ന ഉറപ്പാണ് അയാൾ എനിക്ക് തന്നത്.. ഒരു ഞാണിൻമേൽ കളി വേണ്ട എന്നോർത്ത് ഞാൻ കുത്തിവയ്പെടുക്കാൻ ഇറങ്ങി.. യാത്രക്ക് 10 ദിവസം മുൻപെ എടുക്കേണ്ടതാണിത്.. പോയപ്പോൾ ഒരു ആശുപത്രിയിലും ഇങ്ങനെ ഒരു കുത്തിവയ്‌പില്ല.. കുറെ അലഞ്ഞു ഒരു ക്ലിനിക് കണ്ടെത്തി.. അവിടെ ഈ കുത്തിവയ്പ് 4 ദിവസം കഴിഞ്ഞാൽ ലഭിക്കും എന്നറിഞ്ഞു. അതും 2 മണിക്കൂർ മാത്രേ ലഭ്യത ഉള്ളൂ..ഞാൻ ആ ക്ലിനിക്കിൽ നിന്നും ഇറങ്ങി എന്റെ ഭാര്യയുടെ കൂടെ അല്പനേരം കാറിൽ ഇരുന്നു ഇങ്ങനെ ആലോചിച്ചു..."4 ദിവസം കഴിഞ്ഞെടുക്കുന്ന കുത്തിവെയ്‌പിന്‌ അവിടെയുള്ള രോഗങ്ങളെ പ്രതോരോധിക്കാനാവില്ല.. പല സ്ഥലത്തായി കിടക്കുന്ന എന്റെ കൂട്ടുകാർ എങ്ങനെ ഇതെടുക്കും?.. വിമാന ടിക്കറ്റും വിസയും എടുത്തുപോയി.. എനിക്കിനി 10 ദിവസം ഉണ്ട്.. "


ചെയ്യുക അല്ലെങ്കിൽ വിട്ടുകളയുക.. ഇതിൽ ഏതു വേണം എന്നു ചിന്തിച്ചിരിക്കുമ്പോൾ മുകളിലൂടെ ഒരു വിമാനം പറന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു.. സീസർ പറഞ്ഞ വാചകം വീണ്ടും ഓർത്തെടുത്തു.. പ്രവേശനം സാധ്യമല്ല എന്നു മാത്രം ആണ് അദ്ദേഹം പറഞ്ഞത്.. എന്ത് കൊണ്ട് എനിക്കിതു ഉറപ്പു വരുത്തി കൂടാ?.. ഉടനെ എയർപോർട് വിസ ഓഫീസിൽ വിളിച്ചു ചോദിച്ചു.. ഇന്ത്യൻ യാത്രക്കാർക്ക്  ഈ കുത്തിവെയ്പ് വേണ്ട എന്നാലോ യൂറോപ്പ് യാത്രക്കാർക്ക് വേണം  എന്നായിരുന്നു മറുപടി.. കെനിയ വിസ ഡ്യൂട്ടി പരിശോധിക്കുന്ന ഓഫീസിലും വിളിച്ചു ഞാൻ.. ഒരു  കുത്തിവയ്‌പും നിർബന്ധം ഇല്ല എന്നായിരുന്നു മറുപടി..
പിന്നെ ഞങ്ങളുടെ മുൻപിൽ ഉള്ള വെല്ലുവിളി കൊതുകിൽ നിന്നും ഉള്ള രക്ഷ ആണ്.. ആധുനിക യുഗത്തിൽ ലഭിക്കാവുന്ന എല്ലാ മാർഗങ്ങളും ഞങ്ങൾ കരുതി വച്ചു...അവശ്യം വേണ്ട തുണി, ചിത്രമെടുക്കാനുള്ള ക്യാമറ എല്ലാം മുൻകൂട്ടി ബാഗിൽ എടുത്തു വച്ചു.. പോകുന്ന സ്ഥലം കെനിയയിൽ ആണെന്ന് പറയുമ്പോൾ എല്ലാരുടേം മുഖത്തു മ്ലാനത.. എന്ത് കൊണ്ട് കെനിയ? ആഫ്രിക്ക ? ഇ ബോള ? സുരക്ഷ ? അങ്ങനെ ഒരുപാട്  ചോദ്യങ്ങൾ...


അങ്ങനെ പോകാനുള്ള ദിവസം വന്നെത്തി..ബാഗിന്റെ സിബ്ബ് അടക്കുന്നതിനു മുൻപെ ബോബ് മാർലിയുടെ പാട്ടുകൾ അടങ്ങുന്ന ഒരു സ്റ്റീരിയോ എടുത്തു വക്കാൻ മറന്നില്ല.. ഉല്ലാസയാത്രയുടെ തലേ ദിവസം കൊച്ചു കുട്ടികൾ ഉറങ്ങാതിരിക്കുന്ന ശീലം എനിക്കിപ്പോഴും മാറിയിട്ടില്ല..

06/07/16  7.45am ഒരു മണിക്കൂർ മുൻപെ എയർപോർട്ടിൽ ഞങ്ങൾ 6 പേർ കണ്ടു മുട്ടി. നാട്ടിലെ ബസിൽ കേറി ടിക്കറ്റ്‌ എടുത്തുണ്ടാക്കുന്ന ഒരു ബഹളം ആയിരുന്നു ഞങ്ങൾ ഉണ്ടാക്കിയത് ചെക്ക്‌ ഇൻ ടേബിൾ പരിസരത്തു.നല്ല ഭംഗിയുള്ള ഒരു മലയാളി പെൺകുട്ടി ആയിരുന്നു അവിടെ ഞങ്ങളെ സ്വീകരിച്ചത്. അവളുടെ പേര് അയ്ന.. അവസാനം ആ കുട്ടിയും ചിരിച്ചുകൊണ്ട്  ചോദിച്ചു "എന്ത് കാണാനാ ചേട്ടാ കെനിയയിൽ പോകുന്നെ "?





അടുത്തുള്ള കറൻസി എക്സ്ചേഞ്ചിൽ നിന്നും ആവശ്യം പോലെ ഡോളേഴ്സും ഷില്ലിംഗും മാറ്റിയെടുത്തു..കെനിയയിലെ കറൻസി ഷില്ലിംഗ് ആണ്. ഗേറ്റ് കടന്നു ഒരു ബസിലാണ് ഞങ്ങൾ വിമാനത്തിനടുത്തു പോയത്.. കൂടെ ഉള്ളവരെല്ലാം യുകെ, യൂറോപ്പ്, നോര്ത്ത് ഇന്ത്യൻസ് പിന്നെ കെനിയക്കാരും ഉണ്ട്.. കൂട്ടത്തിൽ ഉള്ള ഒരു കെനിയക്കാരനോട് അവിടത്തെ ഭാഷ ഒക്കെ പഠിക്കാൻ നോക്കുന്നുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ..



പോകാനുള്ള വിമാനം ദൂരെ നിന്നു കാണാം...ബസിൽ നിന്നു ഇറങ്ങുന്നവരെ രണ്ടു ഭാഗത്തോട്ടുമായി വഴി തിരിച്ചു വിട്ടു..വിമാന ടിക്കറ്റ്‌ ആദായത്തിൽ എടുത്തതിനാൽ  പല സ്ഥലത്തായാണ് സീറ്റ്‌ ലഭിച്ചത്..എനിക്ക് ഒരു കെനിയൻ സ്ത്രീയുടെ അടുത്താണ് സീറ്റ്‌..വിമാനം പൊങ്ങിയതിനു ശേഷം ഞാൻ അവരോടു സംസാരിച്ചു..റീത്ത എന്നാണ് അവരുടെ പേര് ദുബായിൽ ജോലി ചെയ്യുന്നു..ഞങ്ങൾ  ഉല്ലാസ യാത്രക്കായി തിരഞ്ഞെടുത്ത സ്ഥലം കേട്ടപ്പോൾ അവർക്കും അത്ഭുതം..

ഇടയ്ക്കു വൈമാനികൻ വിളിച്ചു പറയുന്ന വിവരങ്ങൾ കേൾക്കാം..സീറ്റ്‌ നു മുൻപിലുള്ള സ്ക്രീനിൽ ദൂരം, കാലാവസ്ഥ, വിമാനം പോയികൊണ്ടിരിക്കുന്ന ഉയരം തുടങ്ങിയ വിവരങ്ങളും കാണാം..ഞാൻ എപ്പോഴും വാച്ചിൽ നോക്കി കൊണ്ടിരിക്കുന്നുണ്ട്..കുറച്ച് ആധി ഒക്കെ ഉണ്ട് മനസ്സിൽ...അറിയുന്ന ആരും പോകാത്ത  സ്ഥലം,ഭാഷയുംഅറിയില്ല...വിമാനത്താവളത്തിൽ വച്ചു സീസറിനെ വിളിച്ചു പറയാനും മറന്നു..എന്റെ മനസ്സിൽ നാട്ടിൽ ടൂറിസ്റ്റുകൾ അനുഭവിക്കുന്ന വേവലാതികൾ മനസ്സിൽ വന്നു തുടങ്ങി..ഞാൻ പിന്നിലോട്ടു ഒന്നു നോക്കി ഭാര്യ അടക്കം ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെല്ലാം ഉറക്കം ആണ്..സ്വല്പം ആശ്വാസത്തിനായി മദ്യം എങ്കിലും കുടിക്കാൻ ആഗ്രഹിച്ചു..ഞങ്ങൾ കയറിയ വിമാനത്തിൽ മദ്യം വിളമ്പില്ലെന്നു പിന്നീടാണ് ഞാൻ ഓർത്തതു..



ഉച്ചഭാഷിണിയിലൂടെ ഞാൻ കാത്തിരുന്ന വാചകം പുറത്തു വന്നു...അതെ നൈറോബി ജോമോ കെന്യത വിമാനതാവളത്തിൽ ഞങ്ങളെയും പേറി ആ വലിയ പരുന്ത് വന്നിറങ്ങി..വിമാനത്തിന്റെ കിളി വാതിലിലൂടെ ഞാൻ ചുറ്റും നോക്കി..ശെരിക്കും ഞെട്ടി...നമ്മുടെ നാട്ടിൽ കാണുന്ന ഗോഡൗണുകൾ പോലെ ഉള്ള രണ്ടു കൂടാരങ്ങൾ...ഇതാണ് വിമാനത്താവളം..




കയ്യിൽ ഉള്ള ഫോൺ ഓൺ ചെയ്തു നോക്കിയപ്പോൾ റെയ്ഞ്ച് കാണിക്കുന്നുണ്ട്..ഉടനെ സീസറിനെ വിളിച്ചു..എന്റെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് സീസർ എയർപോർട്ടിന് പുറത്തുണ്ടെന്നു ഉറപ്പു തന്നു.. വിമാനത്തിൽ നിന്നിറങ്ങുമ്പോൾ ഒരു കെനിയൻ പൗരൻ എന്നോട് ചിരിച്ചു കൊണ്ട്  ആദ്യമായിട്ടാണല്ലേ ഇവടെ എന്നു ഇംഗ്ലീഷിൽ ചോദിച്ചു.. ഞാൻ അതെന്നു മറുപടി പറഞ്ഞു.. ഞങ്ങളുടെ പരിഭ്രമം കണ്ടിട്ടാവണം അങ്ങനെ ചോദിച്ചത്... ഇവടെ കാര്യങ്ങളെല്ലാം വ്യത്യാസമാണ് എന്നു കൂട്ടിച്ചേർത്തു അയാൾ നടന്നകന്നു... വിമാനത്തിന് പുറത്തു കടക്കുന്ന നിമിഷത്തിൽ പറഞ്ഞ ഈ വാക്കുകൾ പെട്ടെന്ന് മാഞ്ഞു പോയി.. .ഇതിനു കാരണം പറയാം.. വിമാനത്തിന്റെ ഉള്ളിൽ അനുഭവിച്ച അതേ തണുപ്പ് പുറത്തും...ഈ പ്രതിഭാസം മറ്റെല്ലാ ചിന്തകളും തുടച്ചു മാറ്റുന്നതിനോടൊപ്പം ചെറിയ പുഞ്ചിരി വിടർത്തി എന്റെ ചുണ്ടിൽ..


എയർപ്പോർട്ട് വിസ ഇമ്മിഗ്രേഷൻ ടേബിൾ.. ഞങ്ങൾ 6 പേരും പല വരികളിലായി നിന്നു.. ഞങ്ങൾ പകുതി പേർ ഇമ്മിഗ്രേഷൻ കഴിഞ്ഞു ബാഗ്ഗജ് എടുക്കുന്ന സ്ഥലത്തോട്ടു കടന്നു.. അപ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിൽ ഒരാളോട് പ്രതിരോധകുത്തിവയ്‌പില്ലാതെ കടക്കാനാവില്ലെന്നു പറഞ്ഞത്...ഓഫീസർ പുതിയ ആളായത് കൊണ്ടാകണം അത്ര കാർക്കശ്യം കാണിച്ചത്.. വേറെ ഓഫീസറെ കണ്ടതോടെ സംഗതി നടന്നു.. അങ്ങനെ പ്രാഥമിക കാര്യങ്ങളെല്ലാം നിർവഹിച്ചു എയർപോര്ടിനു പുറത്തേക്കു..
അവിടെ ഞങ്ങളെ പോലെ തന്നെ കുറെ ടൂറിസ്റ്റുകൾ കാത്തുനില്പുണ്ട്.. അധികം താമസിയാതെ സീസറിനെ ഞാൻ കണ്ടെത്തി.. കൂടെ ഒരാൾ കൂടെ ഉണ്ട് കറുത്തു തടിച്ചു 7 അടി ഉയരം കാണും.. വണ്ടി ഇങ്ങോട്ടെടുക്കാം എന്നു പറഞ്ഞു അയാൾ പോയി.. സീസർ ഞങ്ങളോട് സംസാരം തുടർന്നു യാത്ര വിശേഷങ്ങൾ എല്ലാം തിരക്കി.. ഇപ്പൊ വണ്ടി എടുക്കാൻ പോയ ആളാണ് ഞങ്ങളുടെ ഡ്രൈവർ എന്നു പറഞ്ഞു.. പേര് മാർട്ടിൻ.. അയാൾ  നിങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കിക്കോളും എന്നുറപ്പു തന്നു..


അങ്ങനെ ഞങ്ങൾക്ക് പോകാനുള്ള വണ്ടിയും പ്രതീക്ഷിച്ചു ഞങ്ങളെല്ലാരും നിന്നു.. കുറെ യാത്രികർക്കു നല്ല ആഡംബര വാഹനങ്ങൾ ആണ് കിട്ടിയത്... ഞങ്ങൾക്കും അതുപോലെ ഏതേലും വാഹനം ലഭിക്കുമായിരിക്കും എന്നോർത്തു.. വേറെ രാജ്യത്താണ് എന്ന ഭീതിയെല്ലാം ഇല്ലാതായി.. പതിവ് പോലെ വിലകുറഞ്ഞ ഫലിത ഭാഷണങ്ങൾ തുടങ്ങി ഞങ്ങൾ...
അങ്ങനെ ഞങ്ങൾക്കുള്ള വണ്ടി എത്തി..ഡ്രൈവർ മാർട്ടിന്റെ പോലെ തന്നെ രൂപം ഉള്ള ഒരു വാഹനം..പണ്ട് ഇടി വണ്ടി എന്നു കേട്ടിട്ടുണ്ട്..ഏതാണ്ട് അതുപോലെ ഒരെണ്ണം..വണ്ടിയിൽ സീസറും ഞങ്ങളോടൊപ്പം കേറി..കേറിയപ്പോൾ തന്നെ യാത്രയുടെ മുഴുവൻ കാശും മേടിച്ചു തൊട്ടടുത്തുള്ള ജംഗ്ഷനിൽ ഇറങ്ങി പോയി..ഈ യാത്ര നിങ്ങൾക്കു മറക്കാൻ പറ്റാത്ത ഒന്നാവട്ടെ എന്നു ആശംസിച്ചു കൈകൾ തന്നു അയാൾ നടന്നകന്നു..


ഞങ്ങൾ യാത്ര തുടർന്നു..ഞങ്ങൾ ചോദിക്കുന്നതിനു മാത്രം മാർട്ടിൻ ചിരിക്കാതെ മറുപടി തരുന്നുണ്ട്..പോകുന്ന വഴി ഒരമ്പലം ശ്രദ്ധയിൽ പെട്ടു..ഞങ്ങളുടെ കൂട്ടത്തിൽ  ഹിന്ദുക്കൾക്കും അമ്പലങ്ങൾക്കും വേണ്ടി മാത്രം ശബ്ദം ഉയർത്തുന്ന ഒരാൾ ഉണ്ട്...കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വരാൻ കഴിഞ്ഞില്ല ഈ ഉല്ലാസ യാത്രക്ക്...ഒരു നിമിഷം ഞാൻ അവനെ ഓർത്തു... അവിടെ അടുത്തുള്ള ഒരു വ്യാപാര കേന്ദ്രത്തിലോട്ട് ഞങ്ങളുടെ വാഹനം കേറ്റി..കേറുമ്പോൾ അവിടെ നല്ല പരിശോധന ഒക്കെയുണ്ട് കേട്ടോ..ബോംബ് ഡിറ്റക്ടർ വരെ ഉണ്ട് പരിശോധിക്കാൻ..വേറെ സ്ഥലം ആയതുകൊണ്ട് മാർട്ടിന്റെ നമ്പർ ഞാൻ കുറിച്ചെടുത്തു..വിളിച്ചു നോക്കിയപ്പോൾ കോൾ പോകുന്നില്ല..ഇതെന്തത്ഭുതം? ചുരുക്കി പറഞ്ഞാൽ ആരെയും എങ്ങോട്ടും വിളിക്കാൻ വയ്യാത്ത അവസ്ഥ..മാർട്ടിനോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി..


ഇവിടെയാണ്  4 വർഷം എഞ്ചിനീയറിംഗ് പഠിച്ചതിന്റെ ഗുണം..ഏതു നരകത്തിലും അതിജീവിക്കാനുള്ള  മനശക്തി..ഇത് കൂടാതെ ഒന്നും ഞാൻ അവിടെ നിന്നും പഠിച്ചു എന്നു തോന്നുന്നില്ല..വരുന്നിടത്തു വച്ചു കാണാം എന്നോർത്തു സമുച്ചയത്തിൽ കയറി..ഞങ്ങളിൽ ചിലർ ബാങ്ക് എ ടി  എമ്മിൽ നിന്നും കുറച്ചധികം ഷില്ലിംഗ് കൂടെ കരുതി..അടുത്ത് തന്നെ കണ്ട ഒരു മദ്യ വിപണന ശാലയിൽ കയറി ഒരു നല്ല റം,  ഒരു വൈൻ പിന്നെ നല്ല സിഗാർ ഒരു പായ്ക്കറ്റ്..


യാത്ര തുടർന്നു..ദൂരം 280 കിലോമീറ്റർ ഉണ്ട്..എന്റെ യാത്രാ അനുഭവങ്ങൾ വച്ച് നമ്മൾ എത്തിപ്പെടേണ്ട സ്ഥലം എത്തും വരെ ഉള്ള കാത്തിരിപ്പാണ് ഒരു യാത്രയെ അലോസരപ്പെടുത്തുന്നത്..നമ്മൾ കടന്നു പോകുന്ന ആ നിമിഷം തന്നെയല്ലേ നമ്മൾ കാത്തിരുന്നത് സത്യത്തിൽ? കൂടുതൽ ഒന്നും ആലോചിച്ചില്ല...എടുത്തു വൈൻ ബോട്ട്ൽ..ഞാൻ അടപ്പു തുറന്നു രുചിച്ചു നോക്കിയത് ഓർമയുണ്ട്..ഓടിക്കൊണ്ടിരുന്ന വണ്ടിയിലെ സ്ത്രീകൾ അടക്കം ഉള്ളവരുടെ കടന്നാക്രമണം വെറും നിമിഷങ്ങൾക്കുള്ളിൽ ആ കുപ്പിയെ  കാലിയാക്കി..


മാർട്ടിൻ ഇതൊന്നും കൂസാതെ ലക്ഷ്യ സ്ഥലത്തോട്ടു കുതിച്ചു..ഇടക്ക് അയാൾ ഫോൺ എടുത്തു ആരെയോ വിളിക്കുന്നുണ്ട് അവരുടെ ഭാഷയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ട്..വഴികളിൽ എങ്ങും കറുത്ത നിറമുള്ള ആളുകൾ...അവിടെയുള്ള കുരങ്ങുകൾക്കും കറുത്ത നിറം..കുടിച്ചത് വൈൻ ആയതു കൊണ്ടുതന്നെ എല്ലാവർക്കും വിശപ്പിന്റെ വിളി വന്നത് പെട്ടെന്നായിരുന്നു...മാർട്ടിനോട് ഭക്ഷണ കാര്യം തിരക്കി..അടുത്ത ടൗണിൽ നിന്നു എന്നാണ് പറഞ്ഞത്..കുറെ ദൂരം പിന്നിട്ടപ്പോൾ കാഴ്ചകളുടെ രൂപവും ഭാവവും മാറിത്തുടങ്ങി...കണ്ണെത്താ ദൂരത്തിൽ ചോള പാടങ്ങൾ..റോഡിൽ കാണുന്ന വണ്ടികളുടെയും ആളുകളുടെയും എണ്ണം കുറഞ്ഞുതുടങ്ങി..കെട്ടിടങ്ങളോ വീടുകളോ കാണാതെ ആയി തുടങ്ങി...
കുറച്ച് ദൂരം താണ്ടിയപ്പോൾ കണ്ട കാഴ്ച ചെറിയ നടുക്കം ഉണ്ടാക്കി..റോഡിൽ മുള്ളുകൾ നിരത്തി വച്ചിരിക്കുന്നു..അടുത്ത് നില്കുന്ന പോലീസ് ഓഫീസർ തോക്ക് കൈ കൊണ്ട് പിടിച്ചിരിക്കിന്നു..ആദ്യമായാണ് ഇങ്ങനെ ഒരു രംഗം ഞാൻ കാണുന്നത്...പോലീസ് പരിശോധന ആണ്..ദൂരെ നിന്നു മാർട്ടിൻ അവിടെ നിൽക്കുന്ന പോലീസുകാരനെ സല്യൂട്ട് ചെയ്തു...അതിന്റെ ഫലമായാണോ എന്നറിയില്ല ഞങ്ങളെ പോകാൻ അനുവദിച്ചു...പച്ച പുതച്ച കുറെ താഴ്‌വരയിൽ കൂടെ ആയി യാത്ര.. സൂര്യ പ്രകാശം ചെരിഞ്ഞു പതിക്കുന്നതിനാൽ എല്ലാ ചെടിയുടെയും അഗ്രങ്ങൾക്കു സുവർണ്ണ ശോഭ തരുന്നുണ്ട്..ചിത്രമെടുക്കാനുള്ള ആഗ്രഹം ഉണ്ടെങ്കിലും ആ ശോഭ കണ്ടു നിൽക്കാനേ എനിക്കപ്പോൾ തോന്നിയുള്ളൂ..ഇടയ്ക്കു ചിലർ വഴിയരികിൽ ചുട്ട ചോളവുമായി നില്പുണ്ട്...അതെങ്കിലും കഴിച്ചു താത്കാലികമായി  വിശപ്പടക്കാൻ തോന്നി..


അധികം വൈകാതെ നാട്ടിൽ കാണാറുള്ള ഒരു കോട്ടേജ് പോലെ ഉള്ള സ്ഥലം...ഇത്ര ദൂരം താണ്ടിയിട്ടും ഇത്രേം വൃത്തിയുള്ള ഒരു കെട്ടിടം എന്റെ കണ്ണിൽ പെട്ടില്ല..മാർട്ടിൻ ഇറങ്ങി ഞങ്ങളുടെ ഭാഗത്തെ ഡോർ തുറന്നു പറഞ്ഞു " ഇവിടെ നമുക്ക് കഴിക്കാം...ഇറങ്ങി വന്നാലും..ഇറങ്ങുമ്പോൾ നിങ്ങളുടെ തല തട്ടാതെ നോക്കണം എന്നു പറഞ്ഞു "..ഇത് വരെ അയാളെ കുറിച്ചുള്ള അവബോധം മാറ്റിമറിക്കുന്നതായിരുന്നു അത്..
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി..നല്ല തണുപ്പുണ്ട് പുറത്തു...അപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു..എല്ലാവരും എന്നെപോലെ തന്നെ കൊതുകുകൾ ഉണ്ടോ എന്നു നോക്കുന്നുണ്ട് പരിസരം മുഴുവൻ..കൂട്ടത്തിൽ വിവാഹിതരല്ലാത്തവരിൽ ഒരുവൻ അത് പുറത്തെടുത്തു..സിഗാർ.. .പുകവലി നിർത്തി അന്നേക്ക് നാലു വർഷം തികഞ്ഞിരുന്നു..അവിടത്തെ തണുപ്പാണോ അതോ വരും ദിവസങ്ങളിൽ കാണാൻ പോകുന്ന പൂരത്തിന്റെ സ്വപ്നങ്ങളോ എന്നറിയില്ല ഞാനും എടുത്തു ആ പുക...


യാത്ര തുടർന്നു..ഇതിനിടയിൽ മാർട്ടിൻ വഴിയിലെഒരു ചെറിയ ടൗണിലെ കടയിൽ നിന്നു ഒരു കരിമ്പടം പോലെ ഉള്ള പുതപ്പ് എടുത്തു പിന്നിൽ വച്ചിരിക്കുന്ന ബാഗുകളും പെട്ടികളും മൂടി..പൊടി അടിക്കാതിരിക്കാൻ വേണ്ടിയെന്നായിരുന്നു മറുപടി..യാത്ര തുടർന്നു കൊണ്ടിരുന്നു... ആളുകളുടെ രൂപവും വഴിയിലെ കാഴ്ചകളും ഒരു പാട് മാറി ഇപ്പോൾ...ആദിവാസികളെ പോലെ ഉള്ള മനുഷ്യർ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്...ചെറിയ ഒരു സ്ഥലത്തു അവർ ഇങ്ങനെ തിങ്ങി പാർക്കുന്നു..എതിരെ നിന്നും വരുന്ന വാഹനങ്ങളുടെ എണ്ണവും കുറവ്...കൂടെ ഉള്ളവരെല്ലാം മയങ്ങി...പോയികൊണ്ടിരിക്കുന്ന വാഹനത്തിനെന്തെങ്കിലും വന്നാൽ ഉണ്ടായേക്കാവുന്ന വരും വരായ്കൾ മനസ്സിലൂടെ കടന്നു പോയി..ഈ ഭീതിയെല്ലാം മാറ്റുന്നതായിരുന്നു പുറത്തുള്ള പ്രകൃതി ഭംഗി...ഒരു ചിത്രകാരനും എടുത്തിട്ടില്ലാത്ത വരച്ചിട്ടില്ലാത്ത കാഴ്ചകൾ..


നേരം ഇരുട്ടി തുടങ്ങി...ഇരു വശങ്ങളിലും കാടാണ്..ചിവീടുകൾ കരയുന്ന ശബ്ദം കേൾക്കാം പോകുന്ന വഴിയിൽ...എല്ലാവരും മയക്കം കഴിഞ്ഞെണീറ്റു...മൊബൈലിൽ റെയ്ഞ്ച് ഇല്ല..ഇനിയും താണ്ടണം നൂറിലധികം കിലോമീറ്ററുകൾ താമസസ്ഥലത്തേക്ക്..മാസായി മാര ദൂരെ ആണേലും ഏതെങ്കിലും മൃഗങ്ങൾ കണ്ണിൽ പെടുമോ എന്നോർത്തു പുറത്തോട്ടു കണ്ണും നട്ടിരുന്നു..വൈകാതെ ഞങ്ങളത് കണ്ടു..ഒരു തല മരങ്ങൾക്കിടയിലൂടെ പുറത്തോട്ടു നീണ്ടിരിക്കുന്നു...അതേ ഒരു ജിറാഫ്..


ആകാശത്തു ഈദിന്റെ ചന്ദ്രക്കല ഇപ്പോൾ വ്യക്തമായി കാണാം..അങ്ങിങ്ങു മാനുകൾ ഓടുന്നത് അരണ്ട വെളിച്ചത്തിൽ നമുക്ക് കാണാം..പൊടുന്നനെ ശക്തമായ ശബ്ദത്തോടെ വാഹനം പൊട്ടിപൊളിഞ്ഞ ഒരു പാതയിലോട്ടു കടന്നു... ഇരിപ്പിടങ്ങളിൽ നിന്നും എല്ലാവരും തെറിച്ചു.. മുന്നിലോട്ടു കഷ്ടപ്പെട്ടു നോക്കിയപ്പോൾ മുഴുവൻ ഇരുട്ടു വാഹനത്തിന്റെ ബൾബിന്റെ പ്രകാശത്തിൽ ഉള്ള ഭാഗം മാത്രം കാഴ്ച യോഗ്യമാണ്... വാഹനത്തിനകത്തേക്കു നല്ല പൊടിപടലങ്ങൾ കടക്കുന്നതിനാൽ എല്ലാവരും തുമ്മി തുടങ്ങി.. തൂവാല വച്ചെല്ലാവരും മുഖം മുറുകെ കെട്ടി..ഞാൻ ഓർത്തു കുറച്ച് ദൂരം മാത്രം ആയിരിക്കും എന്നു... മാർട്ടിനോട് ചോദിച്ചപ്പോൾ ആണ് വിവരം പിടി കിട്ടിയത് ഇനി റോഡില്ല.. രണ്ടു മണിക്കൂർ എടുക്കും ഇനിയും താമസസ്ഥലം എത്തിച്ചേരാൻ.. വാഹനത്തിന്റെ വെളിച്ചത്തിൽ മുന്നിലൂടെ പായുന്ന മാനുകളെയും സീബ്രാകളെയും കാണാം.. കുലുങ്ങി കൊണ്ട് പോകുന്ന വാഹനത്തിൽ ശരീരത്തിൽ നിന്നും എല്ലുകൾ താഴെ കൊഴിഞ്ഞുപോകുമോ എന്നു വരെ ഓർത്തു.. കൂടെ ചിലർക്ക് അസഹനീയമായി തുടങ്ങി ഇടിവണ്ടിയിലെ യാത്ര.. ഇപ്പോഴാണ് മാർട്ടിൻ വഴിയിൽ വച്ചു പുതച്ച പുതപ്പിന്റെ രഹസ്യം വ്യക്തമായത്...


രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ കാടിന്റെ ഏതോ ഒരു അറ്റം... ഇപ്പോൾ പൊടി പടലങ്ങളില്ല.. നല്ല തണുപ്പ് അനുഭവപ്പെടുന്നു...പ്രാകൃതമായ ചില കെട്ടിടങ്ങളും കടമുറികളും കാണാം... അങ്ങിങ്ങു ചെറിയ കൂരകളും... അതേ ഇതാണ് മാസായി മാര.! വലിയ കൂറ്റൻ കള്ളിച്ചെടികൾ ആഫ്രിക്കയിലെ പ്രത്യേകത ആണ്..കള്ളിച്ചെടികൾ നിറഞ്ഞ ഒരു വഴിയിലൂടെ കടന്ന് ത്രികോണാകൃതി  കൂട്ടിവച്ച ഒരു കൂടാരം പോലെ ഉള്ള ഒരിടം.. കൂടാരത്തിനു മുകളിൽ മന്യട്ട ക്യാമ്പ്‌ എന്നു മരത്തിൽ എഴുതി വച്ചിട്ടുണ്ട്.. വണ്ടി നിർത്തി മാർട്ടിൻ ഇറങ്ങി വന്നു ഡോർ തുറന്നു തന്നു..ഇവിടെയാണ് ഞങ്ങൾ 3 ദിവസം പാർക്കാൻ പോകുന്നത്.. പുറത്തിറങ്ങി കലശലായ പുറം വേദനയും കഴുത്തുവേദനയും കൊണ്ട് ഞാനൊന്നു മുകളിലോട്ടു നോക്കി ഞെരിപിരി കൊള്ളുമ്പോഴാണ് ഞാൻ ആ മാസ്മരിക ദൃശ്യം കണ്ടത്... "താരാപഥം അല്ലെങ്കിൽ മിൽക്കി വേ" ഞങ്ങൾക്ക് മുകളിൽ... കുമിഞ്ഞുകൂടി ജ്വലിക്കുന്ന കോടാനുകോടി നക്ഷത്രങ്ങൾ... ജീവിതത്തിൽ ആദ്യമായാണ് എന്റെ നഗ്ന നേത്രങ്ങൾ കൊണ്ട് ഒരു താരാപഥം കാണുന്നത്.. വണ്ടിയിൽ നിന്നിറങ്ങുന്നവർ എല്ലാം ഈ ദൃശ്യം കണ്ടു മിഴിച്ചു നിൽക്കുമ്പോഴാണ് ആ കൂടാരത്തിൽ നിന്നും ഒരാൾ ധൃതിയിൽ ഇറങ്ങി വന്നു ഞങ്ങളുടെ ബാഗുകളും പെട്ടികളും എടുത്തു കൊണ്ടുപോയി അകത്തു വച്ചു.. പരിസരം നല്ല ഇരുട്ടായതിനാൽ വന്ന ആളുടെ മുഖം വ്യക്തമല്ല..വന്ന ദുർഘടമായ വഴിയുടെ ഓർമകൾ മായ്ക്കുന്നതിനായി ആരോ ഞങ്ങൾക്ക് വരച്ചു തന്ന പോലെ തോന്നി ആ ആകാശം..






കൂടാരത്തിലോട്ടു കടന്ന് ചെന്നു ഞങ്ങൾ..




ക്ഷീണം മാറ്റാൻ അവിടെ വരുന്ന എല്ലാവർക്കും ഒരു ഓറഞ്ച് നിറത്തിലുള്ള ഒരു പാനീയം കൊടുക്കുന്നുണ്ട്.. ഞങ്ങൾക്കും കിട്ടി.. ക്ഷീണം കൊണ്ട് തോന്നിപോയതാണോ എന്തോ നല്ല രുചി തോന്നി.. ഞങ്ങളുടെ ബാഗുകൾ കൊണ്ട് വച്ച ആളുടെ പേരാണ് ജോൺ... ഉള്ളിൽ വച്ചാണ് അയാളുടെ രൂപം കാണാൻ കഴിഞ്ഞത്.. ആ ക്യാമ്പിനെ കുറിച്ചുള്ള ചെറിയ വിവരണം തന്നു.. വൈദ്യുതി ഒരു ജനറേറ്റർ ന്റെ സഹായത്തോടെ ദിവസത്തിൽ 3 മണിക്കൂർ ലഭിക്കും.. ചൂടു വെള്ളവും ഇതേ സമയപരിധിയിൽ ലഭ്യമാണ്.. ഭക്ഷണ സമയവും പറഞ്ഞു..കൂടാരം കടന്ന് വിശാലമായ ഒരു പ്രദേശത്തോട്ടു ഞങ്ങളെ അയാൾ നയിച്ചു.. അയാളുടെ കയ്യിലുള്ള കുഞ്ഞു ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ ആ പരിസരം കണ്ണോടിച്ചു.. കൂണ് പോലെ നൂറു കണക്കിന് കുടിലുകൾ ഉണ്ടവിടെ.. 





രണ്ടു പേർ വീതം താമസിക്കാവുന്ന അതിമനോഹരമായ കുടിൽ... ഞങ്ങൾ രണ്ടു പേർ വീതം ഓരോ കുടിലിലും കടന്ന് കൂടി... നാട്ടിലെ കട്ടിയുള്ള ടാർപ്പായ ആണ് ചുവരുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്... ഈ ചെറിയ കുടിലിലും ഉണ്ട് ഒരു ബാത്രൂം.. ഒരു സിബ്ബ് തുറന്നാൽ അങ്ങോട്ട്‌ കടക്കാം.. ഞാനും ഭാര്യയും കുളിയെല്ലാം കഴിഞ്ഞു..ക്ഷീണം മാറ്റാനായി വരുന്ന വഴിയിൽ മേടിച്ച റം കൂടെ കരുതി..ഭക്ഷണം കഴിക്കുന്ന പരിസരത്തൊട്ടു നടന്നു... കുറെ പേർ അവിടെ തണുപ്പിനെ ചെറുക്കാൻ തീ കായുന്നുണ്ട്.. കഴിക്കാൻ ഉള്ള ഭക്ഷണം മൂന്നു വലിയ പാത്രത്തിൽ മൂടി വച്ചിട്ടുണ്ട്... നൂഡിൽസ് ആണ് ഭക്ഷണം... കറികൾ വേറേം ഉണ്ട്... ആട്ടിറച്ചി ഒന്നു രുചിച്ചു നോക്കി...ഇഷ്ടപെടാത്തതിനാൽ എടുത്തില്ല..




കൂട്ടത്തിലുള്ള എല്ലാരും ഭക്ഷണം കഴിക്കാനായി എത്തി.. അടുത്തുള്ള ഹാളിൽ ഫുട്ബോൾ കളി തത്സമയം നടന്നു കൊണ്ടിരിക്കുന്നു.. ആരാധകർ രണ്ടു പക്ഷക്കാരായി തിരിഞ്ഞു നല്ല ഹരത്തോടെ കളി കണ്ടുകൊണ്ടിരിപ്പുണ്ട് അവിടെ.. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു യുവാവ് ഞങ്ങളോട് കുറെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..സ്ത്രീകൾ കൂടെ ഉള്ളത് കൊണ്ടാണോ എന്നറിയില്ല സ്വയം ഒരു ബ്രിട്ടീഷ്കാരൻ ആണെന്ന് വരുത്താൻ അയാൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.. ഇത്രേം പറഞ്ഞതിൽ നിന്നു അയാൾ യാഥാർതത്തിൽ ആരാണെന്നു മനസ്സിലായിക്കാണുമല്ലോ... അതേ.. ഇന്ത്യക്കാരനാണ്.. ലോകത്തിന്റെ മുൻപിൽ കോമാളി കളിക്കാനായി സ്രഷ്ടാവ് ഇതുപോലെ കുറെ ഇന്ത്യക്കാരെ ഉണ്ടാക്കിയിട്ടുണ്ട്... എന്നാൽ അദ്ദേഹം സ്വയം ആളാകാൻ തിരഞ്ഞെടുത്ത കൂട്ടം അയാൾക്ക് പിഴച്ചെന്ന് വേണം പറയാൻ... വെടിക്കെട്ടുകാരെ ഉടുക്ക് കൊട്ടി കാണിച്ചാൽ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഭാസത്തിൽ അയാൾ പിൻവാങ്ങി..ഒരു ലിറ്റർ റം നാലു പേർ കൂടി ഒരു മണിക്കൂർ കൊണ്ട് തീർത്തു...കൂട്ടത്തിൽ ചിലർക്ക് ഇന്ത്യൻ സായിപ്പിനെ മലയാള ഭാഷ പഠിപ്പിക്കാൻ കലശലായ ആഗ്രഹം ഉദിച്ചു തുടങ്ങിയപ്പോൾ തന്നെ  ഞങ്ങൾ ആഘോഷം നിർത്തി ഉറങ്ങാനായി പിരിഞ്ഞു...മരം കോച്ചുന്ന തണുപ്പുണ്ട് പുറത്തു..മുകളിലോട്ടു നോക്കിയപ്പോൾ ആകാശവിസ്മയം ഇപ്പോഴും കാണാം...ശോഭ കൂടിയോ എന്നൊരു സംശയം ഇല്ലാതില്ല...അകത്തു കിടക്കുന്ന മദ്യമാണോ ഇങ്ങനെ തോന്നിച്ചതെന്നറിയില്ല..


ഭാര്യയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ വന്യമൃഗങ്ങളുടെ ഓലി ചെവിയിൽ മുഴങ്ങുന്നുണ്ട്..പൊതുവെ വളരെ ശക്തി കുറഞ്ഞ ഉറക്കക്കാരനായതിനാൽ കുറെ നേരം ഉറങ്ങാതിരിക്കാൻ ഈ കാരണം വളരെയധികം മതിയായിരുന്നു..എപ്പോഴോ ഞാൻ ഉറങ്ങി..പുലർച്ചെ എതോ മൃഗത്തിന്റെ ശബ്ദത്താൽ വീണ്ടും ഞെട്ടി എണിറ്റു..പതിയെ ടാർപ്പായ പൊക്കി നോക്കിയപ്പോൾ ഒരു ഇരുണ്ട നിറമുള്ള വ്യക്തി കസേരയിൽ ഒരു ടോർച്ച്, വലിയ വടി,  പിന്നെ മൂർച്ചയേറിയ ഒരു വാൾ അരയിൽ തിരുകി കസേരയിൽ ഇരിപ്പുണ്ട്..പാറാവുകാരനാണ്..മൂന്നു കുടിലിനു ഒരു പാറാവുകാരൻ എന്നാണ് കണക്കു..വന്യജീവി ശല്യം കലശലായുള്ള സ്ഥലം ആയതുകൊണ്ടാണിത്...എന്റെ ഭാര്യ നല്ല ഉറക്കം ആണ്..സ്വയം ധൈര്യം ഉണ്ടെന്നു ഞാൻ പറയുമ്പോഴും എന്റെ ഭാര്യ ഇപ്പോൾ ഉറങ്ങുന്ന ഒന്നു മാത്രം മതി ആരാണ് ഞങ്ങളിൽ ധൈര്യശാലി എന്നു വിധിയെഴുതാൻ..


07.07.2016. 5.45pm..റൂമിലെ ലൈറ്റ് തെളിഞ്ഞു...ഒന്നര മണിക്കൂർ ഇനി റൂമിൽ ചൂട് വെള്ളം,  വെളിച്ചം, ലഭിക്കും..ആകെ ഉള്ള ഒരു പ്ലഗ് പോയിന്റിൽ ഞാൻ എന്റെ ക്യാമറ ബാറ്ററി ചാർജ് ചെയ്തു..പ്രഥമിക കാര്യങ്ങൾ കഴിച്ചു ഞങ്ങൾ എല്ലാവരും ഭക്ഷണത്തിനായി കൂടാരത്തിൽ ഒത്തു  കൂടി...മധുരമുള്ള ഗോതമ്പു ദോശ ചിരുട്ടിയതും പിന്നെ മുട്ട ഓംലെറ്റും ആയിരുന്നു പ്രഭാത ഭക്ഷണം..മാർട്ടിൻ അതിരാവിലെ എണിറ്റു രാവിലെ വാഹനത്തിന്റെ ചെറിയ അറ്റകുറ്റ പണികൾ തീർത്തു  ഭക്ഷണത്തിനായി കൂടാരത്തിൽ ചായ കുടിച്ചിരിപ്പുണ്ട്..ഞാൻ അയാളെ കൈവീശി കാണിച്ചു..അയാൾ ചെറിയ ചിരിയോടെ കൈ പൊന്തിച്ചു കാണിച്ചു..എല്ലാവരും അത്യാവശ്യം വേണ്ട സാധനങ്ങൾ കയ്യിൽ കരുതി.. വൈൽഡ്‌ ഫോട്ടോഗ്രഫിക്ക് വേണ്ട ഒരു നല്ല സൂം ലെൻസ് പോലും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല..എങ്കിലും പൊരുതി നോക്കാനുള്ള കുറച്ച് അവശ്യ സാമഗ്രികൾ ഞങ്ങൾ കരുതിയിരുന്നു.. പുറത്തിറങ്ങി നോക്കിയപ്പോൾ പോകാനുള്ള വാഹനത്തിന്റെ രൂപം ഇപ്പോൾ മാറിയിരിക്കുന്നു.. മുകൾഭാഗം മേൽക്കൂര പോലെ പൊന്തിയിരിക്കുന്നു.. വണ്ടിക്കുള്ളിൽ എഴുന്നേറ്റു നിന്നാൽ നാലുപാടും വ്യക്തമായി കാണാം.. വൈകാതെ ഞങ്ങൾ യാത്ര തുടങ്ങി..താമസസ്ഥലത്തിനടുത്താണ് ഈ കാട്...കാടിനു ചുറ്റും വേലിയൊന്നും കെട്ടിയിട്ടില്ലെങ്കിലും പ്രവേശന കവാടം ഉണ്ട്... ഈ ഒരു സംവിധാനത്തിൽ നിന്നും എനിക്ക് ഈ നാട്ടുകാരെ കുറിച്ചു ചെറിയ അവബോധം കിട്ടി.. കള്ളത്തരം കാണിക്കാനും ചതിക്കാനും ഇവർക്ക് അറിയില്ല അല്ലെങ്കിൽ ഇത് രണ്ടും അവർ അത്രമേൽ വെറുക്കുന്നു.. ഉയരം കൂടിയ വേലിയോ മതിലോ ഇല്ലാത്ത ഒരാകർഷണവും ഞാൻ ലോകത്തിൽ കണ്ടിട്ടില്ല..


പ്രവേശന കവാടത്തിനു മുൻപിലായി കുറെ സ്ത്രീകൾ അവരുടെ ട്രൈബൽ വേഷത്തിൽ കുറെ കരകൗശല വസ്തുക്കളുമായി വിൽപനക്കായി നില്പുണ്ട്...പ്രവേശന കവാടത്തിൽ തോക്കേന്തി കുറെ പട്ടാള വസ്ത്രധാരികൾ നില്പുണ്ട്..അതിലൊരാൾ  വാഹനത്തിനടുത്തേക്കു  വന്ന് അകത്തേക്ക് നോക്കി ഞങ്ങളോടായി " ഹായ് എവെരി വൺ"എന്നു പറഞ്ഞു.. ഞങ്ങളും തിരിച്ചൊരു ഹായ് കൊടുത്തു..ആത്മാർത്ഥമായി ഞാനൊരു കാര്യം പറയട്ടെ..ജീവിതത്തിൽ ആദ്യമായാണ് എനിക്ക് വേറെ രാജ്യത്തു ഞാൻ വിദേശി ആണെന്ന് എനിക്ക് തോന്നിയത്..ഗതികേട് കൊണ്ട് ആശംസിക്കേണ്ടി വരുന്ന കുറെ ജോലിക്കാരെ ആണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്... മാർട്ടിൻ വണ്ടി നിർത്തി പ്രവേശന കവാടത്തിലെ ഓഫീസിനകത്തോട്ടു കേറി.. ഞാൻ അവിടെ വിൽപനക്കായി നിൽക്കുന്ന ഒരു സ്ത്രീയുടെ പടം ക്യാമറ വച്ചെടുത്തതും ആ സ്ത്രീ വാഹനത്തിനരികെ നടന്നു വന്നു മൂന്നു ഡോളർ വേണം എന്നാവശ്യപെട്ടു.. ഞാൻ ആ സ്ത്രീയെ നോക്കി ചിരിച്ചു പറഞ്ഞു നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ടെന്നു പറഞ്ഞു.. അവരുടെ പേര് ചോദിച്ചു.. റ്റീനയാ എന്നാണ് അവരുടെ പേര്.. അവർക്ക് ഞങ്ങളോട് സംസാരിക്കുന്നതിലുള്ള സന്തോഷം അവരുടെ കണ്ണിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞു.. ഞങ്ങൾ മടങ്ങി വരുമ്പോൾ നിങ്ങളുണ്ടാക്കിയ വസ്തുക്കൾ മേടിച്ചോളാം എന്നു വാക്ക് കൊടുത്തു ഞങ്ങൾ പ്രവേശന കവാടം കടന്ന് യാത്ര തുടങ്ങി..

പടുകൂറ്റൻ പുൽമേടുകൾ ആണിവിടെ കൂടുതലും.. 



അങ്ങിങ്ങായി വൃക്ഷ കൂട്ടങ്ങൾ കാണാം...വൈകാതെ ഒരു വലിയ പക്ഷിയെ കണ്ണിൽ പെട്ടു.. ഒട്ടകപക്ഷിക്കു ഇത്രേം വലിപ്പം ഉണ്ടെന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത്.. ഇടയ്ക്കു ചിറകു വിടർത്തുന്നുമ്പോൾ ഉള്ള അതിന്റെ രൂപം വർണിക്കാനാവില്ല.. കൂടെ ഉള്ളവർ ചിലർ അത് ക്യാമെറയിൽ പകർത്താൻ മറന്നില്ല.. യാത്ര തുടർന്നു... ജീവിതത്തിൽ ഇതുവരെ ഇത്രേം ശാന്തമായ ഒരു പരിസ്ഥിതി ഞാൻ കണ്ടിട്ടില്ല.. ഉറങ്ങുമ്പോൾ കേട്ടിരുന്ന ഒരു ശബ്ദവും ഇപ്പോഴില്ല.. സൂര്യോദയത്തിൽ തികച്ചും ശാന്തമായുറങ്ങുന്ന പ്രകൃതി..ക്യാമറ കയ്യിൽ പിടിച്ചു നില്ക്കാൻ പോലും പറ്റുന്നില്ല.. പോയിക്കൊണ്ടിരിക്കുന്ന പാത അത്രേം ദുഷ്കരം ആണ്...രണ്ടു കയ്യും കൊണ്ട് ക്യാമറ പിടിച്ചു വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ സ്വപ്നം മാത്രമായി ഒതുങ്ങും എന്നു കരുതി.. അതാ വലതു വശത്തായി ഒരു നൂറു കണക്കിന് സീബ്രകൾ ഓടി കളിക്കുന്നു.. സൂര്യപ്രകാശത്താൽ അവരുടെ കഴുത്തിനു പുറത്തെ രോമങ്ങൾക്കും അവർ ഓടിക്കളിക്കുന്ന പുല്മേടിനും ഒരേ സുവർണ്ണ നിറം.. വരുന്നിടത്തു വച്ചു കാണാം എന്നോർത്തു കൈകൾ വിട്ടു ക്യാമെറയിൽ ഞാൻ വനയാത്രയിലെ എന്റെ ആദ്യ ചിത്രമെടുത്തു..ചിത്രത്തിന്റെ സവിശേഷത സ്ക്രീനിൽ നോക്കി ഉറപ്പു വരുത്തി.. ഗംഭീരം എന്നെ പറയേണ്ടു.. കുറച്ച് നീങ്ങിയതിനു ശേഷം കാട്ടു പോത്തിന്റെ ഒരു കൂട്ടം കണ്ടു..കുറച്ച് കഴിഞ്ഞപ്പോൾ വയർലെസ്സ് റേഡിയോ ശബ്‌ദിച്ചു..ഭാഷ മനസ്സിലായില്ല..അന്യഗൃഹ ജീവികളുടെ ശബ്ദം പോലെ തോന്നി..വനയാത്രക്ക് പോകുന്ന എല്ലാ വണ്ടികളിലും ഈ സംവിധാനം ഉണ്ട്..ഇവർ തമ്മിൽ ആശയവിനിമയം ഇങ്ങനെ ആണ്...പ്രവേശന കവാടത്തിൽ ഉള്ള ഫോറെസ്റ് റെയ്ഞ്ച് ഓഫീസർക്കും ഇവർ തമ്മിലുള്ള ആശയവിനിമയം  ശ്രവിക്കാം.. വന്യജീവികൾ കൊണ്ടുള്ള അപകടം തരണം ചെയ്യാനും,  അതിജീവിക്കാനും, ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും..





റേഡിയോ ശ്രവിച്ചതിനു ശേഷം മാർട്ടിൻ മൈക്ക് എടുത്തു എന്തോ പറഞ്ഞു...അതിനു ശേഷം ശരവേഗത്തിലായിരുന്നു അയാൾ വാഹനം ഓടിച്ചത്.. ഞങ്ങളെല്ലാം അവരുടെ സീറ്റിൽ ഇരുന്നു..ദൂരെ മൂന്നു വാനുകൾ നിർത്തിയിട്ടിരിക്കുന്നു.. മാർട്ടിൻ ആ വാനുകളുടെ മുൻപിലൊട്ടു ആയി എടുത്തു വാഹനം നിർത്തി..നേരെ കാണുന്ന മരത്തിൽ പടുകൂറ്റൻ കഴുകന്മാർ ഇരിപ്പുണ്ട്... ഞാൻ ആ കാഴ്ച കണ്ടു.വൈദ്യുതി ശരീരത്തിലൂടെ കടന്നുപോകുന്ന പോലെ തോന്നി അത് കണ്ടപ്പോൾ..ഒരു കാട്ടു പോത്തിനെ കടിച്ചു കീറുന്ന സിംഹ കൂട്ടം.. ഞങ്ങളുടെ വാഹനത്തിന്റെ തൊട്ടടുത്തു.. രണ്ടു ആൺസിംഹങ്ങൾ ഉണ്ട് കൂട്ടത്തിൽ.. നാലു  പെൺസിംഹങ്ങൾ പിന്നെ അഞ്ചു കുട്ടികൾ..ആസ്വദിച്ചു കഴിക്കുവാണവർ..കുട്ടികളുടെ വായിൽ കൊള്ളാത്ത ഭാഗങ്ങൾ ആൺ സിംഹം കടിച്ചു കീറി കൊടുക്കുന്നുണ്ട്.. ഇതിനിടയിൽ നമ്മുടെ ഡ്രൈവർ പുറത്തിറങ്ങി വാഹനത്തിന്റെ ടയർ പരിശോധിക്കുന്നു.. അയാളുടെ അഞ്ചടി ദൂരത്തിൽ ആണ് ഈ സിംഹകൂട്ടം.. ഇനി ഇയാളുടെ ധൈര്യത്തെ കുറിച്ചു പറയേണ്ട കാര്യം ഇല്ലല്ലൊ..






വയർലെസ്സ് റേഡിയോ ശബ്‌ദിച്ചു കൊണ്ടിരുന്നു..മാർട്ടിൻ എന്തിനോ വേണ്ടി ആത്മാർത്ഥമായി അലയുന്നുണ്ട്..അങ്ങിങ്ങു ഒറ്റപ്പെട്ടു കുറച്ച് ജിറാഫുകളെ കണ്ടു..നമ്മളെ തിരിച്ചു നോക്കുന്ന പോലെ തോന്നും ചിലപ്പോൾ ഭാവം..ചില സ്ഥലങ്ങളിൽ വാഹനം നിർത്തി ഉയരം കൂടിയ പുല്ലുകൾക്കിടയിലേക്കു നോക്കുന്നുണ്ട്..











തുറസ്സായ പുല്ലുകൾ കുറഞ്ഞ ഒരു സ്ഥലത്തോട്ടു കടന്നു...ചുവന്ന മണ്ണിന്റെ നിരപ്പായ പാത കാണാം.. കണ്ണെത്താ ദൂരത്തിൽ അതിങ്ങനെ നീണ്ടു കിടക്കുന്നു..പാതയുടെ അടുത്ത് ഒരു ചെറിയ കല്ലു കൊണ്ടുള്ള മുറി..മുറിക്കു മുകളിൽ ഇരുമ്പു ദണ്ഡു നാട്ടിയിട്ടുണ്ട്..മുറിക്കു ദൂരെ മാറി മൂന്നു ട്രൈബൽ ആൾക്കാർ കരകൗശലവസ്തുക്കൾ വിൽപനക്കായി വച്ചിട്ടുണ്ട്...മുറിക്കടുത്തായി ഒരു മരത്തിന്റെ പലകയിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്.."കീകോരോക് എയർസ്ട്രിപ്"..എനിക്കപ്പോഴാണ് മനസ്സിലായത് അത് കാടിനു നടുവിലുള്ള ഒരു എയർപോർട് ആണ്..ഭാര്യക്കിഷ്ടപെട്ട ഒരു നല്ല നീല നിറമുള്ള മാല ഞാൻ മേടിച്ചു അവിടെ നിന്നു..കൂടെ ഉള്ളവർ മനോഹരമായ കുറെ കരകൗശല വസ്തുക്കൾ എന്തൊക്കെയോ മേടിച്ചു കൂട്ടി..മാർട്ടിൻ വീണ്ടും വാഹനത്തിന്റെ ചില അറ്റകുറ്റ പണികൾ തീർക്കുന്നുണ്ട്..ഞങ്ങൾ വീണ്ടും യാത്ര തുടർന്നു..




പിന്നീടങ്ങോട്ട് തിങ്ങി നിറഞ്ഞു നിൽക്കുന്ന മൃഗങ്ങളെ ആണ് കണ്ടത്..പല തരത്തിലുള്ള മാനുകളുടെ കൂട്ടങ്ങൾ..ചിലതിനു കൊമ്പുകൾ വ്യത്യാസം, ചിലതിനു വലിപ്പ വ്യത്യാസം..ചിലതിനു നിറങ്ങൾ പലതു അങ്ങനെ...പോകുന്ന വഴി നിറയെ നിറഞ്ഞു വിഹരിക്കുന്നുണ്ട് അവർ..കണ്ണെത്താ ദൂരത്തിൽ വലിയ മല നിരകൾ നിറയെ തിങ്ങി നിറഞ്ഞു നിൽക്കുന്ന കാട്ടുപോത്തിന്റെ രൂപത്തിലുള്ള ജീവികൾ.. വൈൽഡ്‌ബീസ്റ്റ് എന്നാണ് ഇതിന്റെ പേര്..മാസായി മാരയിലേക്കു കുടിയേറുന്ന മൃഗങ്ങളിൽ ഒന്നാണിത്.. വൈൽഡ്‌ബീസ്റ്റിനു പുറമെ തോംസൺ ഗാസില്ലേ മാനുകൾ, സീബ്രകൾ ആണ് ജൂലൈ മുതൽ ഒക്ടോബർ വരെ ടാൻസാനിയയിൽ നിന്നും കുടിയേറുന്നത്.. മൈഗ്രേഷൻ എന്നു ഇംഗ്ലീഷിൽ പറയും ഇതിനെ.. ചോരയും മാംസവും ഭക്ഷിക്കുന്ന മൃഗങ്ങളുടെ സുഖവാസമാണ് ഈ കാലഘട്ടം.. വേട്ടക്കായി അവർക്ക് അധികം അധ്വാനിക്കേണ്ട കാര്യം ഈ സമയത്തില്ല..




എന്റെ മനസ്സിൽ ആഫ്രിക്കൻ ആനയുടെ രൂപം തെളിഞ്ഞു നില്ക്കുന്നുണ്ട്..കാണാൻ ഉള്ള ആഗ്രഹം കാരണം കൂറ്റൻ മരങ്ങൾ കാണുമ്പോൾ ആനയാകുമോ എന്നു വരെ പല തവണ തെറ്റിദ്ധരിച്ചു..കുറച്ച് ദൂരം ചെന്ന് മാർട്ടിൻ ഒരു വലിയ കല്ലിന്റെ അടുത്ത് വാഹനം നിർത്തി...ഒരു നാലു അടി ഉയരമുള്ള ഒരു കൽഭിത്തി..കൽഭിത്തിയിൽ ഇംഗ്ലീഷ്  ലെറ്റർ കെ പിന്നെ റ്റി  എന്നെഴുതിയിട്ടുണ്ട്..ഏതാണ്ട് ചതുരാകൃതി ആണ് ഇതിനു..വണ്ടിയിൽ നിന്നറങ്ങി ഡോർ തുറന്നു ഞങ്ങളോടായി പറഞ്ഞു.."ഞാൻ ഒരു കൂട്ടം കാണിക്കാം ഇറങ്ങി വരൂ" എന്നു പറഞ്ഞു..ഞങ്ങളെല്ലാവരും ഇറങ്ങി നിന്നു..മാർട്ടിനും ഞങ്ങളുടെ കൂട്ടത്തിലെ രണ്ടുപേരും കല്ലിനപ്പുറത്തൊട്ടായി നിന്നു..മാർട്ടിൻ കല്ലിനപ്പുറത്തു നിന്നു ഞങ്ങളോടായി പറഞ്ഞു ഞാൻ ഇപ്പോൾ ടാൻസാനിയ എന്ന രാജ്യത്തും നിങ്ങൾ കെനിയയിലും ആണ് ഇപ്പോൾ എന്നു പറഞ്ഞു..ഞെട്ടി തരിച്ചു പോയി...ആ കാണുന്ന കല്ലാണ് രാജ്യത്തിന്റെ അതിർവരമ്പ്..കെ എന്നത് കെനിയ എന്നും റ്റി എന്നത് ടാൻസാനിയ എന്നുമാണ് അർത്ഥമാക്കുന്നത്..നമ്മുടെ രാജ്യത്തിന്റെ സമ്പത്തിന്റെ പകുതിയിലേറെ ചിലവാക്കുന്നത് ഇതുപോലെ ഉള്ള ഒരു അതിർത്തിക്ക് വേണ്ടിയാണ്..ഈ യാത്രയിൽ ഭംഗി കുറഞ്ഞാലും  ഏറ്റവും വിലപിടിപ്പുള്ള ഞാനെടുത്ത ചിത്രം ഈ കല്ലാണ്  സുഹൃത്തേ..




യാത്ര ഇപ്പോൾ ടാൻസാനിയ രാജ്യത്തുകൂടെ ആണ്..ഒരു ചെളി നിറഞ്ഞ പാറക്കെട്ടുകൾ ഉള്ള പുഴ.. അതിനു കുറുകെ ഒരു ഇരുമ്പു പാലം..വാഹനം പാലത്തിനു മുകളിൽ നിർത്തി മാർട്ടിൻ ഞങ്ങളോട് ചുറ്റും സൂക്ഷിച്ചു നോക്കാൻ പറഞ്ഞു..ആദ്യ നോട്ടത്തിൽ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല..കൂട്ടത്തിൽ ഒരാൾ അപ്പോൾ അലറി.."അതാ ഹിപ്പോ മൂന്നെണ്ണം"...മറ്റൊരാൾ "അതാ മുതല "...സൂക്ഷിച്ചു നോക്കിയപ്പോൾ രണ്ടു ചെറിയ ഉണ്ടകൾ പൊന്തി കിടപ്പുണ്ട്... ഹിപ്പോയുടെ കണ്ണുകൾ ആണ്.. പുഴയോരത്തൊട്ടു ഒരു ചീങ്കണ്ണി പതിയെ ഇഴഞ്ഞു കരക്കടുക്കുന്നു... ചീങ്കണ്ണിയുടെ സവിശേഷത എല്ലാവരും നോക്കി നിൽക്കുമ്പോൾ ആണ് ഞാനതു ശ്രദ്ധിച്ചത്... പുഴയോരത്തെ കറുത്ത വലിയ ഒരു പാറക്കെട്ടിന്റെ ഒരു ഭാഗം ഇടയ്ക്കു ഇളകുന്നു.. അത് തന്നെ!!!...വലിയ ചെവിയുള്ള ആഫ്രിക്കൻ ആന...ആനയെ ആദ്യം കണ്ട സന്തോഷത്തിൽ  ഞാനും അലറി വിളിച്ചു.. കൂടെ ഉള്ളവർ അത് പാറക്കെട്ടാണെന്നാണ് ആദ്യം കരുതിയത്.. ചെവി അനങ്ങുന്നതു ശ്രദ്ധിച്ചാലെ കാര്യം പിടിക്കിട്ടുള്ളൂ..കക്ഷി ഒളിച്ചു നിന്നു നല്ല തളിരിലകൾ പറിച്ചു തിന്നുവാണ്..കൊമ്പുണ്ടെലും ആള് പിടിയാന ആണ്... ഇവിടെ പിടിയാനക്കും തരക്കേടില്ലാത്ത കുമ്പുണ്ടാകും...അല്പനെരത്തിന് ശേഷം അവിടെ നിന്നും ഞങ്ങൾ മടങ്ങി







ഉച്ചക്ക്  വൈൽഡ്‌ബീസ്റ്റും സീബ്രകളും മൈഗ്രേറ്റ് ചെയ്യുന്ന വെള്ളം കുറവുള്ള ഒരു പുഴയോരത്തു നിലയുറപ്പിച്ചു.. ഞങ്ങളെ പോലെ തന്നെ ലക്ഷകണക്കിന് വരുന്ന മൃഗങ്ങളുടെ ഒഴുക്ക് കാണാൻ വേറെയും യാത്രികർ വാഹനങ്ങളിൽ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.. പായ്ക്ക് ചെയ്തെടുത്ത ഭക്ഷണം ഞങ്ങൾ കഴിച്ചു.. 






അല്പനേരത്തിനുശേഷം ഞങ്ങൾ യാത്ര തുടർന്നു.. മാർട്ടിൻ ഇടയ്ക്കു ബൈനോക്യൂലർ എടുത്തു നോക്കി ഞങ്ങളോടായി പറഞ്ഞു അതാ ഒരു ആനകൂട്ടം.. മുൻപിൽ നോക്കിയപ്പോൾ രണ്ടു കുഞ്ഞാനകളും ഒരു കൊമ്പനും നിലയുറപ്പിച്ചിരിക്കുന്നു.. നമ്മൾ നാട്ടിൽ ആനയിറങ്ങിയാൽ ഉണ്ടാകുന്ന പുകിലുകൾ അറിവുള്ളതിനാൽ മാർട്ടിനോട് വണ്ടി അകലെ വച്ചു തന്നെ നിർത്താനായി ആവശ്യപ്പെട്ടു.. പ്രതീക്ഷിച്ച പോലെ തന്നെ മാർട്ടിൻ വാഹനം നിർത്താതെ മുൻപിലൊട്ടു തന്നെയെടുത്തു.. ആനയുടെ വലിപ്പം ഇപ്പോൾ വലുതായി ഇരട്ടിയായി.. കൂടെ ഉള്ളവർ വണ്ടി നിർത്താനായി അലറി തുടങ്ങി.. മാർട്ടിൻ ഇതൊന്നും കൂസാതെ വണ്ടി മുന്പിലോട്ടെടുത്തു.. മാർട്ടിൻ എന്ന ഡ്രൈവറെ ബഹുമാനിക്കുന്ന രീതിയിൽ ആ കൊമ്പൻ വഴി മാറി കൊടുത്തു.. മാർട്ടിൻ വാഹനം ആനയുടെ നേരെ എതിരെ കൊണ്ട് നിർത്തി.. ക്യാമറ എടുത്തു ക്ലിക്ക് ചെയ്യുമ്പോൾ ആദ്യം എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.. ചളിപിടിച്ച കൊമ്പിൽ തുമ്പികൈ ചുറ്റി നിന്നു ഞങ്ങളുടെ നാലു അടി മുൻപിൽ ആ കൊമ്പൻ ഞങ്ങളെ നോക്കി നിന്നു.. മുറം പോലെ ഉള്ള ചെവിയാട്ടുമ്പോൾ ഉണ്ടാകുന്ന കാറ്റിന്റെ ശബ്ദം കേൾക്കാം എനിക്ക്.. അല്പനേരത്തിനു ശേഷം സാമാന്യം നല്ല പുഛഭാവത്തോടെ കുഞ്ഞുങ്ങളെയും കൂട്ടി നടന്നകന്നു.. പോകുന്ന വഴിയിൽ ഒരു ചെളിക്കുണ്ടിൽ മൂന്നുപേരും കളിക്കുന്നതും കാണാം..




പുൽമേടുകളിൽ അങ്ങകലെ വിഹരിക്കുന്ന അഞ്ചു ജിറാഫുകൾ ഒരേ വരയിൽ ചിത്രമെടുക്കാൻ വന്നു നിന്നു തന്നു.. എന്ത് കൊണ്ടോ മുരടനായ മാർട്ടിൻ ഇത്തവണ ഞങ്ങളുടെ അപേക്ഷ പരിഗണിച്ചു.. ഇദ്ദേഹത്തിന് ഫോട്ടോ എടുക്കാനായി വാഹനം നിർത്തി കൊടുക്കുന്ന ശീലം ഇല്ല.. ഇത് അയാൾക്കും ഒരു കൗതുകം തോന്നിയത് കൊണ്ടാകാം നിർത്തിയത്.. അല്ല ഒന്നോർക്കുമ്പോൾ അയാൾ ചെയ്യുന്നതാണ് ശരി..ഫോട്ടോക്ക് വേണ്ടി നിർത്തുന്നതിനേക്കാൾ ക്യാമറയും തൂക്കി നടക്കുന്നതാവും എളുപ്പം.. അത്രക്ക് മനോഹരമാണ് ഈ കാട്.. ഇറങ്ങി നടക്കുന്ന രീതി ഇവിടെ ഇല്ല.. ഇറങ്ങി നടന്നാലുള്ള കഥ ഞാൻ പറയാതെ തന്നെ അറിയാമല്ലോ..






പുള്ളി പുലിയുടെ രൂപം ആണിപ്പോൾ എല്ലാവരുടെയും മനസ്സിൽ..കാരണം ഇനി ഇത് മാത്രമേ ബാക്കിയുള്ളു..എനിക്ക് പുള്ളിപുലിയോടുള്ള ഇഷ്ടം ഞാൻ ഇതുവരെ പറഞ്ഞില്ലലോ..നാലു വർഷം മുൻപെ മലക്കപ്പാറ യാത്രയിൽ വച്ചു കണ്ടിട്ടുണ്ട് ഞാനിതിനെ...രാത്രികളിൽ പുള്ളിപ്പുലിയെ കാണാം എന്നു പറഞ്ഞു അർധരാത്രി ഇറങ്ങിയതാണന്ന്...പറഞ്ഞത് പോലെ തന്നെ ചാടി വീണു ഈ വിരുതൻ മുൻപിൽ..മൃഗശാലയിൽ കഴിയുന്ന അടിമകളുടെ സ്വഭാവമുള്ളവരല്ല മൃഗങ്ങൾ പുറത്തെന്ന് എനിക്കന്നു മനസ്സിലായി...പൂച്ചയുടെ തന്നെ വലിപ്പമുള്ള വളരെ ചെറിയ തലയോട് ചേർന്നു വിരിഞ്ഞ മാറും ബലിഷ്ഠമായ കഴുത്തും  കൈകാലുകളും ഉള്ള ഈ ജീവിയെ കാണുമ്പോൾ അനുഭവപ്പെടുന്ന  ഭീകരത പറഞ്ഞറിയിക്കാൻ വയ്യായിരുന്നു...പേടിച്ച്  കുളിരു വന്നത്  അന്നാദ്യം ആണ്..അടച്ചുറപ്പുള്ള ഒരു ജീപ്പിൽ ആയതുകൊണ്ടാണ് അന്ന് ഞങ്ങൾ ജീവനോടെ രക്ഷപ്പെട്ടതു..അത് കൊണ്ട് തന്നെ പുള്ളിപുലിയാണ് എന്റെ ഇഷ്ടമൃഗം..ഇതിനെ കണ്ടുകിട്ടാൻ ഉള്ള ബുദ്ധിമുട്ടറിയാവുന്നതിനാൽ ആണ് കാണണം എന്ന് ശഠിക്കാഞ്ഞത്...ബാക്കിയുള്ള മൃഗങ്ങളെ കണ്ടു മടുത്തു..യാത്ര ചെയ്തു വിരസതയും വന്നു തുടങ്ങി..






ബാഗിൽ വച്ചിരിക്കുന്ന സ്റ്റീരിയോ എടുത്തു പ്രവർത്തിപ്പിച്ചു..ശാന്തമായ ആഫ്രിക്കൻ വനത്തിലൂടെ ബോബ് മാർലി പാട്ടുകൾ കേൾക്കുന്ന സുഖം ഒന്നു വേറെ തന്നെ ആണ്..രണ്ടു മണിക്കൂർ ഞങ്ങൾ ആസ്വദിച്ചു ഈ പാട്ടുകൾ..വൈകാതെ മാർട്ടിൻ ഞങ്ങളോട് പാട്ടുപെട്ടി നിർത്താനായി ആവശ്യപ്പെട്ടു..വനാതിർത്തിയിൽ ഇങ്ങനെ റേഡിയോ,പാട്ടുകൾ എന്നിവ നിഷിദ്ധമാണെന്നു അപ്പോഴാണ് മാർട്ടിൻ ഞങ്ങളോട് പറഞ്ഞത്...ഫോറെസ്റ് റേഞ്ചർ കണ്ടാൽ പിഴയും ഉണ്ടത്രേ..


മാർട്ടിൻ അസാധാരമായ ചില വഴികൾ  തെരഞ്ഞെടുത്തു.. വളരെ ദുർഘടമായ പാതയാണിപ്പോൾ.. മരങ്ങളുടെ കൊമ്പിലേക്കാണ് ഇപ്പോൾ അയാളുടെ നോട്ടം.. മാനുകൾ ചിലയിടങ്ങളിൽ എന്തോ കണ്ടു പേടിച്ച പോലെ ചില മരങ്ങളിൽ നോക്കിയിരിപ്പുണ്ട്...




കാര്യം പിടി കിട്ടി.. മാർട്ടിൻ പുലിയെ കണ്ടുകിട്ടാനുള്ള തത്രപ്പാടിലാണ്.. എന്നെ പോലെ തന്നെ മാർട്ടിന്റെയും ഇഷ്ട മൃഗം പുലിയാണെന്നു തോന്നുന്നു.. രാവിലെ മുതൽ ഇദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് ഇതിനായി.. മുൻപിൽ വന്നു പെട്ട ജിറാഫ്‌ വാഹനത്തെ കണ്ടു പേടിച്ചു കുറച്ച് ദൂരേക്കു ഓടുന്ന രംഗം കാണേണ്ട കാഴ്ച ആണ്.. ഒരു മാലാഖ മേഘ പാളികൾക്കിടയിലൂടെ മന്ദഗതിയിൽ പറന്നുപോകുന്ന പോലെ തോന്നി... മാർട്ടിന് അതങ്ങു ഇഷ്ടപെട്ടെന്നു തോന്നുന്നു... അയാൾ ചെറിയ പുഞ്ചിരിയോടെ അതിനെ വീണ്ടും ഓടിപ്പിച്ചു.. തിരിച്ചു മടങ്ങുമ്പോൾ കാട്ടുപോത്തിനെ ഏതാണ്ട് ആ സിംഹകൂട്ടം ഏതാണ്ട് തിന്നു എല്ലു മാത്രം ബാക്കി ആക്കി... ചോര പുരണ്ട വാരിയെല്ലുകൾ മാത്രം കാണാം ബാക്കി.. അങ്ങകലെ നല്ല സടയോട് കൂടിയ രണ്ടു സിംഹങ്ങൾ ഇരിപ്പുണ്ട്.. അങ്ങോട്ട്‌ വണ്ടിയെടുക്കാനായി ആവശ്യപ്പെട്ടപ്പോൾ മാർട്ടിൻ പറഞ്ഞത് പോലെ ചെയ്തു.. ആ സിംഹങ്ങളുടെ അടുത്തെത്തിയപ്പോഴാണ് അടുത്തുള്ള പുഴക്കരികെ ഒരു കുഞ്ഞുസിംഹ കുട്ടിയും അമ്മയും കിടക്കുന്നു..ഈ കിടക്കുന്ന സ്ഥലം പുഴയുടെ തീരവും വഴിയുടെ അവസാനവുമാണ്..മാർട്ടിൻ സിംഹ കുട്ടി അവിടെ കിടപ്പുന്നുണ്ടെന്നു ഒട്ടും വിചാരിച്ചില്ലെന്നു തോന്നുന്നു..കുട്ടിയെ കണ്ടതും അയാൾ വേഗം വണ്ടി നിർത്തി പിന്നിലോട്ടെടുത്തു.. ഇപ്പോൾ ഞങ്ങൾ ചെയ്തതിനെ വേണമെങ്കിൽ ഇങ്ങനെ വ്യാഖ്യാനിക്കാം.. കാരണവന്മാർ കാവലിരിക്കുന്ന വീട്ടിനുള്ളിൽ അനുവാദം കൂടാതെ കയറി ഒരു സ്ത്രീയെയും കുഞ്ഞിനെയും ശല്യപെടുത്തുന്നു.. ഇങ്ങനെ ഉണ്ടായാൽ മനുഷ്യരായ നമ്മൾ കാണിക്കുന്നത് പോലെ തന്നെ മൃഗങ്ങളും ചെയ്യും.. ഇത് നന്നായി അറിവുള്ളതിനാലാണ് മാർട്ടിൻ ധൃതിയിൽ വണ്ടി വേഗം തിരിച്ചത്.. 



യാത്ര തുടർന്നു.. പുൽമേടുകളിൽ ഇടക്കിടെ നിർത്തി മാർട്ടിൻ ചില ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ട്.. പ്രത്യേക രീതിയിൽ ഉള്ള ചൂളം അടിക്കുന്നുണ്ട്.. ഇപ്പോഴാണ് എനിക്കീ ശബ്ദം മനസ്സിലായത്.. ഡിസ്‌കവറി ചാനലിൽ ആണ് ഞാൻ ഇത് പണ്ട് കേട്ടിട്ടുള്ളത്.. ആൺ പുലികൾ രാത്രിയിൽ ഇണയെ വിളിക്കാനായി ഉപയോഗിക്കുന്ന ശബ്ദം ആണിത്.. മാർട്ടിൻ എന്ന വ്യക്തിയുടെ പ്രൊഫഷണലിസം ആണ് ഞാൻ അപ്പോൾ മനസ്സിലാക്കിയത്.. 
കൊടും കാടിനുള്ളിൽ ഉള്ള കീബോറോക്  റിസോർട്ടിലേക്കാണ് ഞങ്ങൾ പിന്നെ പോയത്.. ഏഴു മണിക്കൂറിലധികം ആയി  വണ്ടിയിൽ ഇരിക്കുന്ന സ്ത്രീകൾ അടക്കം ഉള്ളവരുടെ പ്രാഥമികാവശ്യം ഞാൻ പറയാതെ തന്നെ അറിയാമല്ലോ.. തടി കൊണ്ടു തീർത്ത ഈ റിസോർട്ടിന്റെ ശില്പചാരുത അവര്ണനീയം ആണ്.. വന്യമൃഗങ്ങളുടെ കൈ കൊണ്ട് വരച്ച ചിത്രങ്ങൾ അതിമനോഹരമായി പതിച്ചിട്ടുണ്ട് ചുവരുകളിൽ... വലിയ ഹോട്ടലിൽ കയറി വാഷ്‌റൂം എവിടെ എന്നു ചോദിക്കുമ്പോൾ സ്വീകരണ മേശയിൽ ഉള്ള സ്ത്രീയുടെ പുച്ഛഭാവത്തോടെ ഉള്ള ഉത്തരം അല്ല എനിക്കവിടെ ലഭിച്ചത്...തന്റെ രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വന്ന ഒരു യാത്രികനോട് ആത്മാർത്ഥതയോടെ പെരുമാറിയ സ്ത്രീ എന്നു വേണം അവരെ വിളിക്കാൻ..ഭയഭക്തിയോടെ അസാമാന്യമായ രീതിയിൽ ഇന്ത്യക്കാരെ സ്വീകരിക്കുന്ന വിദേശികളെ സിനിമയിൽ കുറെ കണ്ടിട്ടുണ്ട്.. എനിക്കു ഇത് എന്റെ ജീവിതത്തിൽ ആദ്യമായാണ് അനുഭവപ്പെട്ടത്.. ഒരു വിലയേറിയ യാത്രികനാണ് ഞാൻ എന്നു എനിക്കും തോന്നി..വാഷ്‌റൂം എവിടെ ആണെന്ന് അവർ അവരുടെ കസേരയിൽ നിന്നും എണിറ്റു എന്റടുത്തു വന്നു കാണിച്ചു തന്നു..അവരുടെ കണ്ണുകളിൽ ഒരു നൂറു റോസാ പൂക്കൾ വിരിഞ്ഞ ചാരുത ഞാൻ കണ്ടു..കറുപ്പിന് ഏഴല്ല..എഴുനൂറു എന്നു വേണം പറയാൻ.. റിസോർട്ടിനകത്തു കുറെ യൂറോപ്യൻ കുടുംബങ്ങൾ വിശ്രമിക്കുന്നുണ്ട്.. വിശാലവും ആഡംബരവുമായ  വാഷ്‌റൂമിൽ ആവശ്യങ്ങൾ നിറവേറ്റി.. തിരികെ വാഹനത്തിനടുത്തു വന്നപ്പോൾ നല്ല തണുപ്പുള്ള വെള്ള കുപ്പികളുമായി മാർട്ടിൻ കാത്തിരിക്കുന്നുണ്ട്..



റിസോർട്ടിൽ നിന്നറങ്ങുമ്പോൾ വെറുതെ അറിയാനായി മാർട്ടിനോട് ഈ റിസോർട്ടിൽ താമസിക്കാനായുള്ള വില വിവരം തിരക്കി.. ഒരു ദിവസത്തേക്ക് 800 ഡോളർ എന്നായിരുന്നു മറുപടി..





സന്ധ്യക്ക്‌ മുൻപെ കാടിറങ്ങണം എന്ന തത്വം മാർട്ടിൻ പ്രാവർത്തികമാക്കി..തിരികെ മന്യട്ട ക്യാമ്പിലേക്ക് തിരിച്ചു..ക്യാമ്പിലെത്തി അല്ലറ ചില്ലറ ചിത്രങ്ങൾ എടുത്തു  ഞങ്ങളുടെ കുടിലുകളിൽ വിശ്രമിച്ചു..രാത്രി എട്ടു മണിയോടെ കുളിയും ജപവുമെല്ലാം തീർത്തു താരാപഥം മനസ്സിൽ ഉറപ്പിച്ചു ക്യാമറയും എടുത്തു കൂടാരത്തിലോട്ട് ചെന്നു..
അവിടെ മാർട്ടിൻ വീഞ്ഞു കുടിച്ചിരിപ്പുണ്ട്..മാർട്ടിനോട് കുറച്ച് കുശലം പറയാനായി ചെന്നു..പുള്ളിപ്പുലിയെ കാണാൻ പറ്റാഞ്ഞതിലുള്ള വിഷമം അയാൾ എന്നോട് പറഞ്ഞു..നാളെ അതിരാവിലെ പുലർച്ചെ തന്നെ കാട് കേറാൻ എല്ലാവരോടും തയ്യാറായി നിൽക്കാൻ അയാൾ അപേക്ഷിച്ചു..ഞങ്ങൾ അപ്പോൾ തന്നെ സമ്മതിച്ചു..അയാൾ നല്ല ശുഭാപ്തിവിശ്വാസത്തോടെ ശുഭരാത്രി നേർന്ന് അയാളുടെ മദ്യപാനത്തിൽ മുഴുകി..ഭാര്യാക്കൊരാഗ്രഹം തണുപ്പുള്ള രാത്രി തീകാഞ്ഞു പുറത്തിരിക്കാൻ..തടസ്സം നിൽക്കാതെ തീ കൂട്ടുന്നത്തിനരികെ 6 കസേരകൾ വലിച്ചിട്ടു..കൂടെയുള്ളവരെല്ലാം കുളിയെല്ലാം കഴിഞ്ഞു ഞങ്ങളോടൊപ്പം ചേർന്നു..പാട്ടുപെട്ടി കൊണ്ടുവരാൻ മറന്നില്ല..മാർലി പാട്ടുകൾ ഒഴുകിതുടങ്ങി..



കൂടാരത്തിൽ ചെറിയ ഒരു മദ്യ ശാല ഉണ്ട്..ഞങ്ങൾക്കെല്ലാവർക്കും  അന്നൊരു ശാഡ്യം.. കെനിയയിൽ ഉണ്ടാക്കിയ മദ്യം അല്ലെങ്കിൽ ആഫ്രിക്കയിലെ മരിജ്വാന നുകരാൻ.. ഇതിൽ മരിജ്വാനയുടെ കാര്യം നമ്മുടെ ക്യാമ്പ്‌ നടത്തിപ്പുകാരൻ ജോണിനോട് പറഞ്ഞപ്പോൾ തന്നെ അയാൾക്ക് ഭീതിയായി.. മരിജ്വാനയെ "ബെക്കി " എന്നാണ് അവരുടെ ഭാഷയിൽ വിളിക്കുന്നത്‌.. നമ്മുടെ നാട്ടിലെ പോലെ തന്നെ അവിടെയും അതിനു നിയമ തടസങ്ങൾ ഉണ്ട്.. ജോണിനോട് കെനിയൻ വിസ്കി ആയ "ഹണ്ടെഴ്സ് ചോയ്‌സ്" വേണം എനനായി ഞങള്.. "ഹകുനമതത" എന്നാണ് അയാൾ മറുപടി പറഞ്ഞത്..ഇതിനർത്ഥം ഒരു പ്രശ്നവുമില്ല..ചെയ്തു തരാം എന്നാണ്...അവരുടെ മദ്യ ശാലയിൽ ഇല്ലങ്കിലും പുറത്തു നിന്നും മേടിച്ചു കൊണ്ട് വരാം എന്നേറ്റു ജോൺ.. ഇരട്ടി കാശു കൊടുത്തിട്ടായാലും അയാൾ അത് സമയത്തിനെത്തിച്ചു തന്നു.. സ്ത്രീകൾക്കായി കൂടാരത്തിലെ മദ്യശാലയിൽ നിന്നും വൈറ്റ് വൈൻ എടുത്തു.. എന്റെ ഭാര്യ വൈനിൽ മധുരം കുറവാണെന്നു പറഞ്ഞു പഞ്ചസാര എടുത്തിട്ടു ഇളക്കുന്നതു അടുത്തിരിക്കുന്നവരെല്ലാം കൺമിഴിച്ചു നോക്കുന്നുണ്ട്.. കലാലയ ജീവിതത്തിലെ സുവർണ്ണ  നിമിഷങ്ങളുടെ ചർച്ച മണിക്കൂറുകളോളം നീണ്ടു.. നേരം പത്തുമണി ആയപ്പോൾ ഞാനും കൂടെ ഫോട്ടോഗ്രാഫർ ആയ സുഹൃത്തിനെയും കൂട്ടി താരാപഥം പകർത്താനായി പുറത്തിറങ്ങി.. നിരാശാജനകം എന്നെ പറയേണ്ടു.. ഒരു നക്ഷത്രം പോലും കാണുന്നില്ല.. മേഘം വന്നു മൂടിയിരിക്കുന്നു.. ക്യാമറ ബാഗിൽ തിരിച്ചു വച്ചു നിരാശരായി മടങ്ങി..അന്നത്തെ ഭക്ഷണമെല്ലാം കഴിഞ്ഞു നേരം 10. 30 ന് തന്നെ ഞങ്ങൾ ഉറങ്ങാൻ കയറി..


08/07/2016 പുലർച്ചെ 5. 30am.. പതിവുപോലെ റൂമിൽ വെളിച്ചം തെളിഞ്ഞു.. പല്ലുതേച്ചു ഉടനെ ഞങ്ങളെല്ലാവരും ആറുമണിക്ക് തന്നെ വണ്ടിയിൽ സ്ഥാനം ഉറപ്പിച്ചു.. പ്രഭാത ഭക്ഷണം മൂന്നു മണിക്കൂർ കഴിഞ്ഞു മടങ്ങി വന്നു കഴിക്കാം എന്നാണ് മാർട്ടിൻ പറഞ്ഞത്...പുലിയെ കാണും എന്ന അയാളുടെ ശുഭാപ്തി വിശ്വാസവും പ്രൊഫഷണലിസവും ഈ വാക്കുകളിൽ നിന്നും വ്യക്തം.. പ്രവേശന കവാടത്തിൽ ഇപ്പോൾ കരകൗശല വില്പനക്കാരില്ല.. നേരം പുലരുന്നേയുള്ളു..കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു മടുത്ത അതെ കാഴ്ചകൾ... വെളിച്ചം കുറവാണെന്നേ ഉള്ളു.. മഞ്ഞു പുതഞ്ഞ അന്തരീക്ഷം.. എല്ലു കോച്ചുന്ന തണുപ്പുള്ളതിനാൽ എല്ലാവരും മുഖവും ശരീരവും കമ്പിളി കൊണ്ട് മറച്ചിട്ടുണ്ട്..മാർട്ടിൻ മരങ്ങളിലേക്കും പുല്ലിലേക്കും രൂക്ഷമായി നോക്കുന്നുണ്ട്.. നിനച്ചിരിക്കാതെ മാർട്ടിന്റെ റേഡിയോ ശബ്ദിച്ചു.. മറുഭാഗത്തു നിന്നും പറയുന്ന ആളുടെ വാക്കുകൾക്ക്  ആശ്ചര്യവും വേഗതയും ഒച്ചയും കൂടുതൽ ആയിരുന്നു.. ഭാഷ മനസ്സിലായില്ലെങ്കിലും ഞാൻ ഒന്ന് മനസ്സിലുറപ്പിച്ചു.. ആരോ പുലിയെ കണ്ടെത്തിയിട്ടുണ്ട്.. വാഹനത്തിന്റെ വേഗത കൂടി.. ഇന്ന് കണ്ട എല്ലാ മാനുകളും ഭയത്തോടെ അടുത്തുള്ള കുറ്റിച്ചെടികളുടെ കൂട്ടത്തിലോട്ടു നോക്കി നില്പുണ്ട്.. സാമാന്യം ഉയരമുള്ള പുൽമേട്ടിലോട്ടു വാഹനം കയറുമ്പോൾ ഞാൻ ഇത് പോലെ പ്രാർത്ഥിച്ചു.. "ദൈവമേ എന്റെ കയ്യിൽ ക്യാമറ ഉണ്ട്.. ഞാൻ ഏറ്റവും മുൻപിൽ നില്ക്കുന്നു.. മലക്കപ്പാറയിൽ എനിക്ക് പകർത്താൻ കഴിയാതെ പോയത് ഇവിടെ നടത്തി തന്നു കൂടെ ?"






ഏതു മതത്തിൽ പെട്ട ദൈവമാണോ പ്രാർത്ഥന കേട്ടത് എന്നെനിക്കറിയില്ല.. ദൂരെ അതാ പുല്ലിനിടയിൽ ഞാൻ നോക്കി ഇരുന്ന ചെറിയ തല പ്രത്യക്ഷപെട്ടു..പതിയെ അത് മുന്നോട്ടു നീങ്ങുന്നുണ്ട്..ഞാൻ എല്ലാവർക്കും അത് കാണിച്ചു കൊടുത്തു..മുൻപിൽ ഉള്ള മാൻകൂട്ടമാണ് വിരുതന്റെ ലക്ഷ്യം..ചുവടുകൾ ഭൂമി പോലും അറിയാതെ ആണ് വക്കുന്നത്..തല കുനിച്ചു പിടിച്ചു പുല്ലുകൾക്കിടയിലൂടെ മാനുകളെ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുവാണ്‌.. വഴിയുടെ മറുഭാഗത്തുള്ള മാനിന്റെ വേട്ടക്കായി പുല്ലുകൾക്കിടയിൽ നിന്നും ലെപ്പേർഡ് എന്നു ഇംഗ്ലീഷ് നാമധേയമുള്ള  ഈ ജീവി വഴിയിലോട്ടു കടന്ന് വന്നു ഞങ്ങളുടെ മുൻപിലൂടെ കടന്ന് പോയി.. ചിത്രകാരൻമാർക്ക് ഇതിലും നല്ലൊരു നിമിഷം വേറെ ഇല്ലെന്നു വേണം പറയാൻ.. പതിവുപോലെ ഇപ്പോഴും എന്റെ കൈ വിറച്ചു എങ്കിലും പറ്റുന്ന രീതിയിൽ ഞാനതിന്റെ ചിത്രമെടുത്തു.. കക്ഷി മറുഭാഗത്തുള്ള മാനുകൾ നിൽക്കുന്ന പുൽമേട്ടിൽ കടന്ന് കുനിഞ്ഞു നിന്നു..ഇടയ്ക്കു പിന്നിലോട്ടു രൂക്ഷമായി നോക്കി സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്.. പുലി പതുങ്ങുന്നതു കുതിക്കാനാണ് എന്ന വാചകം അർത്ഥവത്താണ്.. മാനുകൾ ഭയന്നു പുലിയെ നോക്കുന്നത് നമുക്ക് വ്യക്തമായി കാണാം.. ഇതിനിടയിൽ ആക്രാന്തം മൂത്ത ക്ഷമ നശിച്ച  ഒരു കൂട്ടം യാത്രികരുടെ വാഹനം മാനുകൾ നിൽക്കുന്ന പരിസരത്തൊട്ടു കടന്നതും മാനുകളെല്ലാം ചിതറിയോടി.. പുലിയുടെ ലക്ഷ്യം നശിപ്പിച്ചു.. ഇങ്ങനെ ഒരു സംഭവം കാട്ടിനുള്ളിൽ നടന്നാൽ ആ പരിസരത്തുള്ള എല്ലാ വാഹനത്തിലെ ഡ്രൈവർമാർക്കും കനത്ത പിഴയുള്ളയതിനാൽ മാർട്ടിൻ അവിടെ നിന്നും അതിവേഗം വാഹനം തിരിച്ചു മടങ്ങി.. ഫോറെസ്റ് റേഞ്ചർക്കു എല്ലാ വാഹനങ്ങളിലെയും സംഭാഷണവും വാഹനങ്ങളുടെ സ്ഥാനവും എളുപ്പത്തിൽ കണ്ടു പിടിക്കാനാവും എന്നതിനാലാണ് അയാൾ മടങ്ങിയത്.. മടങ്ങി വരുമ്പോൾ മാർട്ടിന്റെ കണ്ണിലും വാക്കുകളിലും സന്തോഷം കാണാമായിരുന്നു..





ക്യാമ്പിൽ തിരിച്ചെത്തി പ്രഭാത ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു.. മാർട്ടിന്റെ നിർദേശപ്രകാരം അടുത്തുള്ള ട്രൈബൽ ഗ്രാമ സന്ദർശനം ആണ് അടുത്ത ലക്ഷ്യം.. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ ഗ്രാമത്തിൽ എത്തി.. നമ്മുടെ നാട്ടിൽ കേട്ടിട്ടുള്ള പോലെ നല്ല പ്രായം ഉള്ള മൂപ്പനല്ല ഇവിടെ... പ്രായം കുറഞ്ഞ ഒരു യുവാവ്.. കാട്ടിൽ പോയി ഒറ്റക്കു സിംഹത്തിന്റെ കീഴ്പെടുത്തി കൊല്ലുന്നതാണ് ഈ സ്ഥാനത്തിന് വേണ്ട കുറഞ്ഞ യോഗ്യത.. നൂറു കണക്കിന് ആളുകൾ താമസിക്കുന്നുണ്ട് അവിടെ.. മണ്ണ് കൊണ്ടാണ് വീടുകൾ.. നിലം മുഴുവൻ ചാണക പൊടി ആണ്.. പതിവിൽ വിരുദ്ധമായി ഇവിടെ വീടുകൾ പണിയുന്നത് സ്ത്രീകൾ ആണ്.. ജോലിയെടുത്തു സമ്പാദിക്കുന്നതും സ്ത്രീകൾ.. മുലയൂട്ടുന്നതൊഴിച്ചാൽ കുട്ടികളെ നോക്കുന്നതും പരിപാലിക്കുന്നതും പുരുഷന്മാർ ആണ്..പച്ചക്കറികൾ അവർ കഴിക്കാറില്ല.. കൃഷി മൃഗങ്ങൾ വന്നു നശിപ്പിക്കും എന്നതിനാലാണത്.. മൃഗ മാംസവും മൃഗങ്ങളുടെ രക്തവും ആണ് ഇവരുടെ പ്രധാന ഭക്ഷണം.. സിംഹത്തെ വേട്ടയാടി കഴിഞ്ഞുള്ള ആഹ്ലാദ നൃത്തം അവർ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.. തീപെട്ടി കൂടാതെ പ്രകൃതിയിൽ നിന്നും തീയുണ്ടാക്കുന്ന വിദ്യയും അവർ ഞങ്ങൾക്ക് കാണിച്ചു തന്നു.. വീടുകളിൽ കയറി കാണാനുള്ള അവസരവും ഞങ്ങൾക്കുണ്ടായി..




ഗ്രാമത്തിൽ നിന്നറങ്ങി തിരിച്ചു ഞങ്ങളുടെ കൂടാരത്തിൽ ഞങ്ങൾ കുശലം പറയാനായി കൂടി.. മാർട്ടിന്റെ നിർദ്ദേശ പ്രകാരം അടുത്ത ദിവസം പുലർച്ചെ നാലിന് പുറപ്പെടണം എന്നാണ് പറഞ്ഞു വച്ചിട്ടുള്ളത്.. ഉച്ചക്ക് ഒരുമണിക്കാന് ഞങ്ങളുടെ വിമാനം..പോകാനുള്ള വഴിയെ കുറിച്ചു ഞാനധികം പറയേണ്ടല്ലോ..അതിനാൽ വൈകിയുള്ള ഒരു പരിപാടിയും അന്നേ ദിവസം ഞങ്ങൾ ആസൂത്രണം ചെയ്തില്ല.. 







രാത്രി ഭക്ഷണം കഴിഞ്ഞു മുകളിലോട്ടു നോക്കിയപ്പോഴും ഒരു നക്ഷത്രം പോലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല.. എല്ലാവരും അവരുടെ കുടിലിൽ കയറി സാധനങ്ങളെല്ലാം പെറുക്കി അടുക്കി വച്ചു കിടന്നുറങ്ങി..
09/07/16. പുലർച്ചെ 3. 30 ണ്‌ വച്ച അലാറം മുഴങ്ങി..പല്ലുതേച്ചു  ബാഗുകൾ എല്ലാം എടുത്തു വണ്ടിയെ ലക്ഷ്യമാക്കി നടക്കുന്നതിനു മുൻപെ ഞാൻ മുകളിലോട്ടു നോക്കി.. ആ ആകാശം എന്നെ നോക്കി ഇങ്ങനെ പറഞ്ഞ പോലെ തോന്നി..ഇത്രേം ചിത്രങ്ങൾ പകർത്തി ഇത് മാത്രം  പകർത്താതെ  നിങ്ങൾ പോകരുത്...ഞങ്ങൾ വരുന്ന ദിവസം കണ്ടതിനേക്കാൾ  ഉഗ്ര ശോഭയോടെ ഇപ്പോൾ താരാപഥം എന്നെ ഇപ്പോൾ നോക്കുന്നുണ്ട്.. അടച്ചു വച്ച ബാഗിൽ നിന്നും ക്യാമറ എടുത്തു ഞാനാ മാസ്മരിക ദൃശ്യം പകർത്തി.. എന്റെ ജീവിതത്തിൽ ആദ്യമായാണ് താരാപഥം കണ്ണുകൊണ്ടു കണ്ടതും ആദ്യമായാണ് അതെന്റെ ക്യാമെറയിൽ പകർത്തിയതും..



ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.. ദുർഘടമായ വഴികൾ ഇപ്പോൾ ശീലമായതിനാൽ വഴികളുടെ പോരായ്മ ഇപ്പോൾ ഒരു വിഷയമല്ലാതായി.. ഏതാണ്ട് 12. 00 ന് ഞങ്ങൾ തിരിച്ചു ജോമോകെന്യത  വിമാനത്താവളത്തിൽ എത്തി ചേർന്നു.. ഇതിനിടെ പലരും അവർക്കിത് ജീവിതത്തിലെ ഏറ്റവും നല്ല യാത്ര ആയി മാറിയ വിവരം എന്നോട് പറഞ്ഞു.. വിമാനം ആകാശത്തിലോട്ടുയരുമ്പോൾ നെഞ്ചിലെവിടെയോ നല്ല വേദന ഉണ്ടെനിക്ക്.. ചങ്കിൽ കരയുമ്പോൾ നമുക്കനുഭവപ്പെടുന്ന വേദന വരുന്നുണ്ട്..കയ്യിൽ ഉണ്ടായിരുന്ന എന്തോ മസായി കാടുകളിൽ മറന്നു വച്ച പോലെ...എനിക്കതു പറയാനോ വരക്കാനോ കഴിയുന്നില്ല..





ഈ യാത്രയിൽ നിന്നു ഞാൻ പഠിച്ച കാര്യങ്ങൾ ചുവടെ ചേർക്കുന്നു..

അഭിപ്രായങ്ങൾ ചോദിച്ചു പോകുന്ന യാത്രകൾക്ക് മാറ്റു കുറവാണ്... ഒരുപാടു നാളുകൾക്കു മുൻപെ ഉള്ള തയ്യാറെടുപ്പ് യാത്രയുടെ രസം കെടുത്തും..രൂപത്തിനെക്കാളും സാമ്പത്തിനേക്കാളും കഴിവിനേക്കാളും എത്രയോ വലുതാണ് ഒരാളുടെ മനസ്സിന്റെ ഗുണം.. പ്രകൃതിയിൽ ഒന്നും മൃഗമായാലും പ്രതിഭാസമായാലും എന്റെ കണ്ണിനു കുളിർമ നൽകാൻ പ്രത്യക്ഷപ്പെടണമെന്നില്ല.. എനിക്ക് വേണ്ടി നൃത്തമാടുന്ന നർത്തകയല്ല പ്രകൃതി.. ഒരു മൃഗം അതിന്റെ ആവാസ വ്യവസ്ഥക്ക് കേടുപാടുണ്ടാക്കിയാലേ മനുഷ്യനെ അക്രമിക്കൂ... മനുഷ്യനേക്കാൾ എന്തുകൊണ്ടും അച്ചടക്കം ഉള്ളവരാണ് മൃഗങ്ങൾ..എനിക്ക്  നല്ലതായി തോന്നിയ യാത്ര മറ്റൊരാൾക്കു അതുപോലെ തന്നെ തോന്നണമെന്നില്ല.. നിന്റെ കണ്ണിന്റെ ഗുണം ആണ് നിനക്കനുഭവപ്പെടുന്ന ചാരുത.. മനുഷ്യർ കുറവുള്ളിടത്തു പ്രകൃതിയുടെ ഭംഗി കൂടുതലാണ്...ആ ഭംഗി വർണ്ണിക്കാവുന്നതിലും അപ്പുറമാണ്..

ഈ സ്ഥലത്തെ കുറിച്ചു നിങ്ങളോടെനിക്ക് പറയാനുള്ളത് താഴെ ചേർക്കുന്നു..



ആഫ്രിക്ക എന്ന സ്ഥലത്തെ ഭൂരിഭാഗം ഏഷ്യക്കാരും വെറുക്കുന്നു..ഇവിടെ ഉള്ള ആളുകൾക്ക് നിറം കുറഞ്ഞതല്ലാതെ ഞാനൊരു കുറവും അവിടെ കണ്ടില്ല..അതൊരു കുറവായി നിങ്ങൾക്കു തോന്നിയാൽ ഒരിക്കലും നിങ്ങൾ ഇവിടെ പോകരുത്..മൃഗങ്ങളെ വെറുതെ കാണാൻ ആണെങ്കിൽ മൃഗശാലയിൽ പോയാൽ കാണാം.. വനത്തിലെ ഒരു ആവാസ വ്യവസ്ഥ കാണാൻ ആണെങ്കിൽ മാത്രം ഇതുവഴി വരിക.. ഡിസ്‌കവറി ചാനലിൽ  കാണുന്നത് നിങ്ങൾക്കിവിടെ നിങ്ങളുടെ കണ്ണുകൾ കൊണ്ട് കാണാം എന്നു മാത്രം...ഫോട്ടോഗ്രാഫി മാത്രം ഉദ്ദേശം ആയി വരുന്നവർ അപകടത്തിൽ ചെന്നു ചാടാതെ ശ്രദ്ധിക്കണം..നിങ്ങൾ എത്ര വലിയ ഫോട്ടോഗ്രാഫർ ആണെന്ന് ഇവിടെ ഉള്ള മൃഗങ്ങൾക്കറിവില്ല..


















Comments

Popular posts from this blog

എംപ്റ്റിക്വർട്ടർ (LIWA DESERT) - യാത്രാവിവരണം - Manto Konikkara

സോഷ്യൽ മീഡിയ, ടെക്നോളജി..ഗുണത്തേക്കാളേറെ ദോഷവശങ്ങൾ ആണ് ഇവക്കുള്ളതെന്നു ഞാൻ കണ്ണടച്ചു പറയും.. ഇവ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഇതാണ്..യാത്രകൾ !! അഞ്ചു ഇഞ്ചുള്ള ഒരു സ്ക്രീൻ വച്ച് എവിടെയും പോകാം..എന്തും അറിയാം..സമൂഹത്തിലെ കൂലിപ്പണിക്കാരൻ മുതൽ ഡോക്ടർമാർക്കു വരെ ഇപ്പോൾ യാത്രകൾ ഹരമാണ്..ഒരു തരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസക്കുറവും  ലോകപരിചയവും സന്തുലിതമായി സമൂഹത്തിൽ എല്ലാവരെയും അഭ്യസ്തവിദ്യന്മാർ ആക്കിയെന്നു വേണം പറയാൻ.. ഇത് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കുറച്ച് പേരുടെ യാത്രയാണ് ..അതായതു  പ്രവാസികൾ എന്ന് വിലകുറഞ്ഞ പ്രയോഗം കൊണ്ട് മുദ്ര കുത്തപെട്ടവർ..യു എസ്, ഓസ്ട്രേലിയ , കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവരെ പ്രവാസി എന്ന് വിളിക്കില്ലെങ്കിലും ഗൾഫിൽ ഉള്ളവരെ അതായത് സ്വന്തം നാടിനു നാല് കാശുണ്ടാക്കി കൊടുക്കുന്നവരെ അങ്ങനെ വിളിക്കാനാണ് മലയാളികൾക്കിഷ്ടം.പതിവ് കഥകളിൽ കേൾക്കുന്ന പോലെ ഈ  യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗതികേട് കൊണ്ടല്ല ഇവിടെ വന്നു പെട്ടത്..ഒരു കല്യാണം പെട്ടെന്ന് തരപ്പെടണം, പോകാനും ജോലി ലഭിക്കാനും എളുപ്പമുള്ള പ്രദേശം അതും സ്വന്തം വീട്ടിൽ നിന്നും 4 മണിക്കൂർ മാത്രം യാത്രാദൈർഘ്യം ഉള്ള ഒരിടം, അ

മടിയൻ പറഞ്ഞതും പറയാത്തതും..

ജനിച്ചപ്പോൾ എനിക്ക് ചുറ്റുമുള്ളവർ എന്നെ പോലെ തന്നെ കുഴിവക്കത്തുണ്ട്...ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും തിരക്കിലാണ്....ഇരിക്കുന്ന സ്ഥലം വെടിപ്പാക്കന്നവരുണ്ട്, കുഴിയിലോട്ട് നീണ്ടിരിക്കുന്ന കാലിനെ പരിചരിക്കുന്നവർ, ചേല മിനുക്കുന്നവർ..എനിക്ക്   മുൻപേ വന്ന ചിലർ  ഇതെല്ലാം ചെയ്തു അതിലോട്ട് എടുത്തു ചാടുന്നതും മറ്റു ചിലർ വഴുതി വീഴുന്നതും എനിക്ക് കാണാം..ഒരാളെയും ഒരു പരിധിയിൽ കവിഞ്ഞു ആ കുഴിയുടെ വക്കിൽ  ചിലവഴിച്ചു കണ്ടതായോ കേട്ടതായോ എനിക്കോർമ്മയില്ല...ഇവരിൽ പലരും എന്റെ ആവാസ വ്യവസ്ഥ തകർക്കുന്നതായി എനിക്ക് തോന്നി.. വായു പോലെ എനിക്കും കൂടെ അവകാശപ്പെട്ട  ജലം,ഭൂമി, ആഹാരം കൈക്കലാക്കി എന്നോട് വിലപേശുന്നു..വിലകൊടുത്തില്ലേൽ കുഴിയിൽ വീണു പോവുമെന്ന് പറഞ്ഞവർ ഭയപ്പെടുത്തി..അതിനാൽ ഞാനും അവരെ പോലെ കയ്യടക്കാൻ തുടങ്ങി..എനിക്കും ഇപ്പോൾ ധൃതിയുണ്ട്...എനിക്ക് ചുറ്റുമുള്ളവർക്ക് എന്റെ മാറ്റത്തിൽ അതിയായ സന്തോഷമുണ്ട്.....ഞാനും അടുത്ത് നിൽക്കുന്നവരോട്അവർക്കില്ലാത്ത സൗഭാഗ്യങ്ങളെ പറ്റി ജാള്യത കൂടാതെ ചോദിയ്ക്കാൻ പഠിച്ചു.. .എന്റെ  കാലുകളും ഇപ്പോൾ കുഴിക്കുള്ളിലേക്ക് നീളുന്നു..നീളം വര്ധിക്കുന്നതിന്റെ വേഗത ഇപ്പോൾ വളരെ കൂടുതലാണ്.