Skip to main content

എംപ്റ്റിക്വർട്ടർ (LIWA DESERT) - യാത്രാവിവരണം - Manto Konikkara

സോഷ്യൽ മീഡിയ, ടെക്നോളജി..ഗുണത്തേക്കാളേറെ ദോഷവശങ്ങൾ ആണ് ഇവക്കുള്ളതെന്നു ഞാൻ കണ്ണടച്ചു പറയും.. ഇവ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഇതാണ്..യാത്രകൾ !! അഞ്ചു ഇഞ്ചുള്ള ഒരു സ്ക്രീൻ വച്ച് എവിടെയും പോകാം..എന്തും അറിയാം..സമൂഹത്തിലെ കൂലിപ്പണിക്കാരൻ മുതൽ ഡോക്ടർമാർക്കു വരെ ഇപ്പോൾ യാത്രകൾ ഹരമാണ്..ഒരു തരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസക്കുറവും  ലോകപരിചയവും സന്തുലിതമായി സമൂഹത്തിൽ എല്ലാവരെയും അഭ്യസ്തവിദ്യന്മാർ ആക്കിയെന്നു വേണം പറയാൻ..

ഇത് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കുറച്ച് പേരുടെ യാത്രയാണ് ..അതായതു  പ്രവാസികൾ എന്ന് വിലകുറഞ്ഞ പ്രയോഗം കൊണ്ട് മുദ്ര കുത്തപെട്ടവർ..യു എസ്, ഓസ്ട്രേലിയ , കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവരെ പ്രവാസി എന്ന് വിളിക്കില്ലെങ്കിലും ഗൾഫിൽ ഉള്ളവരെ അതായത് സ്വന്തം നാടിനു നാല് കാശുണ്ടാക്കി കൊടുക്കുന്നവരെ അങ്ങനെ വിളിക്കാനാണ് മലയാളികൾക്കിഷ്ടം.പതിവ് കഥകളിൽ കേൾക്കുന്ന പോലെ ഈ  യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗതികേട് കൊണ്ടല്ല ഇവിടെ വന്നു പെട്ടത്..ഒരു കല്യാണം പെട്ടെന്ന് തരപ്പെടണം, പോകാനും ജോലി ലഭിക്കാനും എളുപ്പമുള്ള പ്രദേശം അതും സ്വന്തം വീട്ടിൽ നിന്നും 4 മണിക്കൂർ മാത്രം യാത്രാദൈർഘ്യം ഉള്ള ഒരിടം, അതായിരുന്നു ലക്‌ഷ്യം..


ഇവിടെ വന്നിട്ട് ഇപ്പോൾ വർഷം നാല് ആകാറായി..ഇതിൽ പറയുന്ന യാത്ര ഒരു വർഷം മുൻപേ ആണ് നടക്കുന്നത്..തണുപ്പ് കാലം ആയതിനാൽ എല്ലാ ആഴ്ചയിലും ക്യാമ്പിംഗ് ഉണ്ടാകാറുണ്ട്...ഒരു സാഹസികത വേണമെന്ന ചിന്ത വരുന്ന ആഴ്ചയിലെ ക്യാമ്പിംഗ് ലിവ എംപ്റ്റി ക്വാർട്ടർ എന്ന സ്ഥലത്തേക്കാക്കാം എന്നുറപ്പിച്ചു..എംപ്റ്റി ക്വാർട്ടർ എന്നതു മൂന്നു രാജ്യങ്ങളിലായി കണ്ണെത്താ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന മണൽ കുന്നുകളാണ് .ഈ മരുഭൂമിയുടെ മൂന്നിലൊന്നു ഭാഗങ്ങൾ ഒമാൻ, യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലായി ആണ് കിടക്കുന്നത് എന്ന ഒരു സവിശേഷത ഈ സ്ഥലത്തിനുണ്ട്. ഒരു പാട് കെട്ടുകഥകൾ നിങ്ങൾ കേട്ടിട്ടുള്ളത് പോലെ തന്നെ ഞങ്ങളും കേട്ടിട്ടുണ്ടായിരുന്നു. ദിശയറിയാതെ കുഴഞ്ഞു വീണു മരിച്ചവർ, മണൽ വന്നു മൂടി പോയവർ, അങ്ങനെ ഒരുപാടു.. ആയടുത്തു ഒരു പുതിയ മോഡൽ റേഞ്ച് റോവർ വാഹനത്തിന്റെ ലോഞ്ചിങ് ഈ പ്രദേശത്തു നടത്തി മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി. 

ഞാൻ യാത്രാവിശേഷത്തിലോട്ടു വരാം..ഒരാഴ്ച മുൻപേ തുടങ്ങിയിരുന്നു തയ്യാറെടുപ്പുകൾ..പതിവുപോലെ യാത്രയെ കുറിച്ച് പറയാൻ ഒരുപാടാളുകൾ ഉണ്ടെങ്കിലും യാത്രക്കായി ആകെ അഞ്ചോ ആറോ പേർ മാത്രമേ തയ്യാറായുള്ളു.. എല്ലാ യാത്രയിലും ക്യാമെറ സ്വന്തമായുള്ളവന് മറ്റുള്ളവർ കൊടുക്കുന്ന ഒരു വിലകുറഞ്ഞ പരിഗണന ആയിരിക്കാം എന്നെയും ഈ യാത്രയുടെ ഭാഗം ആക്കാൻ കാരണം എന്ന് വേണേൽ പറയാം.. ഞങ്ങളും മറ്റുള്ളവരെ പോലെ ഇപ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആണ് ആസൂത്രണവും സംഭാഷണവും. ഭൂരിഭാഗം പേരും ഇതുപയോഗിക്കുന്നവരല്ലേ ഇക്കാലത്തു എന്ന ചിന്തയാണ് ഓരോരുത്തരെയും പ്രത്യേകം വിളിക്കാതിരുന്നത്..യാത്രയുടെ തലേ ദിവസം  അപ്രതീക്ഷിതമായി ഒരാളെ വിളിക്കാനിടയായപ്പോൾ  അദ്ദേഹം യാത്രക്കായി കാണിച്ച താല്പര്യം ഞങ്ങളെ അത്ഭുതപെടുത്തി..ഭാര്യ കൂടെ ഇല്ല എന്ന ഒരു വസ്തുതയാണ് അദ്ദേഹത്തിന്റെ യാത്രാ ദാഹത്തിന്റെ പിന്നിലെ ത്വര എന്ന് ഞങ്ങൾക്ക് പിന്നീട് മനസ്സിലായി..ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതും ഇപ്പോൾ സൗദിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരുവനെ ഈ യാത്രയുടെ ഭാഗമാക്കാനുള്ള ശ്രമം ആയിരുന്നു ഈ യാത്രയിലെ ഹൈലൈറ്റ്..അതങ്ങനെ ആണല്ലോ..ചിലരില്ലാതെ ചില യാത്രകൾക്ക് പൂർണത വരില്ല..ചില സാമഗ്രികളോട് നമ്മൾ കാണിക്കുന്ന ഒരു തരം വിഭ്രാന്തിയെ വേണമെങ്കിൽ ഇതിനോടുപമിക്കാം..

ഞങ്ങൾക്കറിയാവുന്ന ഒരുത്തനും ഈ സ്ഥലത്തു പോയ പരിചയം ഇല്ലാത്തതിനാൽ ഗൂഗിൾ ആയിരുന്നു ആശ്രയം..നമ്മൾ നാട്ടിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന പോലെ ഇവിടെ അറബികളുടെ ഇഷ്ട വിനോദം ആണ് ഡ്രാഗ് റെയ്‌സിങ്..പടുകൂറ്റൻ മണൽ കൂനയുടെ മുകളിലോട്ട് ആവുന്നത്ര വേഗത്തിൽ വാഹനം ഓടിച്ചു കയറ്റുന്ന ഒരു ഇടപാട്..പ്രത്യേകം കസ്റ്റമൈസ്‌ ചെയ്ത എഞ്ചിനുകളാണ് ഈ റെയ്‌സിനുപയോഗിക്കുന്നതു..ആ ഒരു പ്രാവശ്യത്തെ ഓട്ടം മാത്രം ആണ് ഈ എഞ്ചിന്റെ ആയുസ്സ് എന്നതാണ് മറ്റൊരു പ്രത്യേകത..  ഞാൻ പറഞ്ഞു വന്നത് ഈ ഒരു വിനോദത്തിന്റെ ആസ്ഥാനം ആണ് ഞങ്ങൾ പോകാനിരുന്ന ലിവ (എംപ്റ്റി ക്വർട്ടർ) എന്നാണ്..ഉപ്പു തടാകങ്ങൾ ഉണ്ടെന്നുള്ളതാണ് ഞങ്ങളെ ആകർഷിച്ച മറ്റൊരു കാര്യം..ഉപ്പു തടാകങ്ങളിൽ കുളിക്കുന്ന കുറെ യൂറോപ്യൻ യാത്രികരുടെ ചിത്രങ്ങളും അനുഭവങ്ങളും പല ലിങ്കുകളിൽ ഇന്റർനെറ്റിലൂടെ ഞങ്ങൾ കാണാനിടയായി..ഗൂഗിൾ മാപ്പിലൂടെ ഇതുപോലെ ഉള്ള തടാകങ്ങൾ ചതുപ്പു പ്രദേശങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു..റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ ഓഫ്‌ലൈൻ മാപ് മൊബൈലിൽ ഡൌൺലോഡ് ചെയ്തു ഈ തടാകങ്ങളുടെ സ്ഥാനം രേഖപ്പെടുത്താനും മറന്നില്ല ഞങ്ങൾ..

യാത്രയുടെ തലേദിവസം യാത്രക്കായുള്ള സാധന സാമഗ്രികളുടെ ഒരു വലിയ പട്ടിക തന്നെ തയ്യാറാക്കി..കോഴിയെ കമ്പിയിൽ കോർത്ത് നിർത്തി പൊരിക്കാനുള്ള കമ്പം ഒക്കെ ആണ് എല്ലാര്ക്കും..പണ്ട് നന്നായി ചുട്ടു വറുത്ത മാംസവും നാടൻ വാറ്റു ചാരായവും കുടിച്ച ഓര്മ ഉണ്ട് എനിക്ക്..അന്നൊക്കെ ചാരായം കുറെ ഉണ്ടെങ്കിലും തിന്നാൻ മാംസം നന്നേ കുറവായിരുന്നു..അതുകൊണ്ട് തന്നെ ഇത്തവണ തിന്നാൻ ഒന്നും ഇല്ലാതിരിക്കരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു..അന്ന് രാത്രി തന്നെ കൂട്ടത്തിൽ ഉള്ള രണ്ടുപേർ ചേർന്ന് മദ്യശാലയിൽ നിന്ന് വേണ്ടുവോളം മദ്യം വാങ്ങി നിറച്ചു..അന്ന് രാത്രിവരെയും ഞങ്ങൾ ഉറ്റുനോക്കിയിരുന്ന ഞങ്ങളുടെ സൗദിയിലെ  സുഹൃത്തിന്റെ ഒരുറപ്പും ഞങ്ങൾക്ക് കിട്ടിയില്ല..വിമാനയാത്ര ചിലവോ അതോ വിരസത നിറഞ്ഞ അന്തരീക്ഷമാണോ അവനെ പിന്തിരിപ്പിച്ചതെന്നറിയാതെ ഞങ്ങൾ അന്നുറങ്ങാൻ കിടന്നു.. രാവിലെ 8 പേരിൽ ഒരാൾക്ക് ജോലി സ്ഥലത്തെ അത്യാവശ്യ സാഹചര്യം മൂലം  ഈ യാത്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു എന്ന സന്ദേശം കിട്ടി. അബുധാബിയിൽ ഞാൻ താമസിക്കുന്ന വീടിന്റെ പരിസരം വഴിയാണ് യാത്ര എന്നതിനാൽ ഉച്ചക്ക് മുൻപേ ദുബൈയിൽ തുടങ്ങിയ യാത്രയിൽ ഞാൻ ഉണ്ടായില്ല..ഉച്ചക്ക് ശേഷം ഞാൻ കൂടെ കയറി അടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് ഭക്ഷണ സാധങ്ങൾ വാങ്ങി യാത്ര തുടരാനായിരുന്നു പ്ലാൻ..

യാത്രക്ക് മുൻപേ ഉള്ള രാത്രികളിൽ ഉറക്കം വരാറില്ലെങ്കിലും അന്ന് ഞാൻ ഉറങ്ങിയിരുന്നു ..ഒരു പാട് പ്രതീക്ഷകൾ ഇല്ലാതിരുന്നതു കൊണ്ടാകാം..അങ്ങനെ രാവിലെ പുറപ്പെട്ട എന്റെ സുഹൃത്തുക്കളെയും കാത്തു ഞാൻ ഇരുന്നു..രാത്രിയിലെ ക്യാമ്പിംഗ് ആയതു കൊണ്ട് രാത്രിയിൽ കാമറ എങ്ങനെ ഉപയോഗിക്കാം എന്ന് ചില ടിപ്സ് എവിടെ നിന്നൊക്കെയോ തപ്പി പിടിച്ചു വായിച്ചു..കുറെ വമ്പന്മാർ എടുത്ത താരാപഥത്തിന്റെ ചിത്രങ്ങൾ നോക്കി കണ്മിഴിച്ചിരുന്നു കുറെ നേരം..ഭാര്യ നേഴ്സ് ആണ്..മാലാഖാമാർക്ക് അവധി ദിനങ്ങൾ ഇല്ല എന്നാണല്ലോ...ഇടക്ക് ഫോൺ വിളികൾ വരുന്നുണ്ട്..ഇദ്ദേഹത്തെ കൊണ്ട് പോകാൻ കഴിയാത്തതിന്റെ ഒരു ദുഃഖം എന്റെ മനസ്സിലും ഒട്ടും കുറയാത്ത അസൂയ പുള്ളിക്കാരിയുടെ മനസ്സിലും ഉണ്ട്....നേരം കളയാനായി വീണ്ടും ടി വി ചാനൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നുണ്ട്..ഇഷ്ടമുള്ളത് കാത്തിരിക്കുന്ന സമയം അല്ലെങ്കിൽ ആ കാത്തിരിപ്പിനെയാണ് നരകയാതനയെന്നു തോന്നാറുണ്ട് പലപ്പോഴും..

ഏറെ വൈകാതെ അവരെത്തി..എന്നേം കയറ്റി അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ കേറി... ഒരാഴ്ചയിൽ ഒരു വീട്ടിലെ അടുക്കളയ്ക്ക് ആവശ്യം ഉള്ള എല്ലാ സാധനങ്ങളും ഞങ്ങൾ അവിടെ നിന്ന് മേടിച്ചു..കത്തിക്കാനുള്ള വിറകുൾപ്പടെ..പ്ലാൻ ചെയ്ത പട്ടിക അതിങ്ങനെ കാറ്റിൽ ദൂരേക്ക്‌ പറന്നു അകലുന്നത് എന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു..

ഞങ്ങളുടെ കൂടെ ദൃഢഗാത്രനായ ഒരാളുണ്ട്..ദേഹം മുഴുവൻ രോമാവൃതമായ ശരീരമുള്ളവൻ..ഇദ്ദേഹമാണ് ഈ യാത്രയുടെ കപ്പിത്താൻ..ആ ഒരു ഉത്തരവാദിത്വ ബോധമുള്ളതു കൊണ്ടാകണം മേടിച്ച മാംസം കേടു വരാതെ മണിക്കൂറുകൾ ഇരിക്കാനായി ശീതീകരണ സൗകര്യം ഉള്ള പെട്ടികൾ എവിടെ നിന്നോ സംഘടിപ്പിച്ചാണ് ആശാൻ വന്നിരിക്കുന്നത്..വാങ്ങിയ സാധനങ്ങൾ രണ്ടു വാഹനങ്ങളിലായി അടുക്കി പെറുക്കി വച്ചു. അടുത്തുള്ള ചെറിയ ഹോട്ടലിൽ നിന്ന് സാമാന്യം മോശമായ ഭക്ഷണം കഴിച്ചു യാത്ര തുടർന്നു..കപ്പിത്താന്റെ വണ്ടി പിന്നിൽ ആണ്..ഒരു ജംക്‌ഷൻ കഴിഞ്ഞു എന്റെ മൊബൈലിൽ വിളി വന്നു കപ്പിത്താന്റെ..വണ്ടി വേഗം ഒതുക്കി നിർത്താനായി കല്പിച്ചു..പറഞ്ഞത് പോലെ ഞങ്ങൾ വണ്ടി നിർത്തി..പിന്നിൽ കപ്പിത്താന്റെ വണ്ടിയും ഒതുക്കിയിട്ടുണ്ട്..ഡോർ തുറന്ന് ഒരു ചെറിയ ബോക്സ് പോലത്തെ എന്തോ ഒന്ന് കയ്യിൽ പിടിച്ചു കപ്പിത്താൻ ഞങ്ങളുടെ വണ്ടിയെ ലക്ഷ്യമാക്കി നടന്നു വന്നു..ആ ബോക്സ് പോലത്തെ സാധനം എന്റെ കയ്യിൽ തന്നു പറഞ്ഞു 'ഇത് വയർലെസ്സ് ആണ്, കയ്യിൽ വച്ചോ..ആവശ്യം വരും..'...മുന്നൂറ് മീറ്റർ ദൂരത്തിൽ വേറെ ചിലവുകൾ ഇല്ലാതെ സംസാരം യോഗ്യമാക്കുന്ന ഉപാധി ആണിത്..നാട്ടിൽ പോലീസ് ഉപയോഗിക്കുന്നത് മാത്രേ കണ്ടിട്ടുള്ളു..ഇപ്പോൾ എന്റെ കയ്യിലുണ്ട്.മൂന്നു മണിക്കൂറിലധികം ഇനി യാത്രയുണ്ട്...ഞങ്ങൾ യാത്ര തുടർന്നു..

അതുവരെ ഉണ്ടായിരുന്ന വിരസത മാറ്റിമറിച്ച നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്..രണ്ടു വാഹനത്തിലിരുന്നവർ അങ്ങോട്ടും ഇങ്ങോട്ടും പലതും വയർലെസ്സിലൂടെ പുലമ്പുന്നുണ്ട് സംസാര ശേഷി തിരിച്ചു കിട്ടിയവർ കാണിക്കുന്ന ആക്രോശത്തോടെ...കപ്പിത്താനെ നന്നായി പുകഴ്ത്തുന്നുണ്ട് പലരും ഈ വയർലെസ്സ്  സംവിധാനം സംഘടിപ്പിച്ചതിനു..ഇതിനടയിൽ സ്വന്തം നാട്ടിൽ ഏതെങ്കിലും മലമുകളിൽ ഒന്ന് ചേർന്ന് ഒരു വിലകുറഞ്ഞ സ്ഥലം മേടിക്കാനും അവിടെ ഒരു കുഞ്ഞു കോട്ടജ് പണിയാനും ഒക്കെ തീരുമാനമാക്കുന്നുണ്ട്..പകുതി ദൂരം പിന്നിട്ടപ്പോൾ ഞങ്ങൾ സൗദിക്കാരനെ ഒന്ന് വെറുതെ വിളിച്ചു നോക്കി. കണ്ണുകൾ തള്ളിപ്പോയ മറുപടി ആയിരുന്നു മറുഭാഗത്തു നിന്നും കിട്ടിയത്..ഇദ്ദേഹം സൗദി - യു എ ഇ ബോർഡർ ചെക്ക് പോസ്റ്റിൽ ക്ലിയറൻസ്നു വേണ്ടി കാത്തിരിക്കുകയാണത്രെ..വരുന്നത് ഇദ്ദേഹം അടുത്തായി മേടിച്ച പുത്തൻ കാറിലാണ്..ഇടിമിന്നൽ ശേഖരിച്ചാലുള്ള ഊർജ്ജമായിരുന്നു പിന്നീടങ്ങോട്ട്..ഇടയ്ക്കു സൗദിക്കാരന്റെ ഫോൺ വിളികൾ വീണ്ടും വരുന്നുണ്ട്..കുറച്ചു വെല്ലുവിളികൾ ഞങ്ങൾക്കിടയിൽ ഉണ്ട് ഇപ്പോൾ..ഇദ്ദേഹത്തിന് ആ ബോർഡർ കടന്നാൽ നെറ്റ്‌വർക്ക് ഉണ്ടാകില്ല....എയർ പോർട്ടിലെ പോലെ സമാന്തര നെറ്റ്‌വർക്ക് സംവിധാനം ഈ പ്രദേശങ്ങളിൽ ലഭ്യമല്ല എന്നറിയാമല്ലോ.. നാവിഗേഷൻ വർക്ക് ആവില്ല..വരുമെന്നുറപ്പില്ലാത്തതിനാൽ ഓഫ്‌ലൈൻ മാപ് ഡൌൺലോഡ് ചെയ്തു വെക്കാനും പാവം മറന്നു.

ഉപാധി ഞങ്ങൾ തന്നെ ഉണ്ടാക്കിയെടുത്തു..ബോർഡറിൽ നിന്നും മാപ്പിൽ നാവിഗേറ്റ് കൊടുത്താൽ പിന്നെ നെറ്റ്‌വർക്ക് ഇല്ലെങ്കിലും എത്തിപ്പെടേണ്ട സ്ഥലത്തു എത്തിച്ചേരും എന്നുള്ളതായിരുന്നു ഞങ്ങൾ കണ്ട ഒരു പോംവഴി..
ക്ലിയറൻസ് കഴിഞ്ഞാൽ ഞങ്ങളെ വിളിക്കാനുപദേശിച്ചു ഞങ്ങൾ യാത്ര തുടർന്നു..ലിവയിലോട്ട് ഇനി അധിക ദൂരമില്ല ..വിപരീത ദിശയാണെങ്കിലും സൗദി സുഹൃത്തിനും ഞങ്ങൾക്കും ഇനി സമദൂരം ആണ് താണ്ടാൻ ഉള്ളത്..അവനാണെങ്കിൽ പുറപ്പെട്ടിട്ടുമില്ല..അടുത്ത് കണ്ട ഒരു ചെറിയ ചായക്കടയിൽ കയറി..ഞാൻ പറയാൻ വിട്ടുപോയി..ഇവിടെ നമ്മുടെ നാട്ടിൽ കാണുന്ന ചായക്കടയെ ഗ്രോസറി എന്നാണ് പേര്..അത്യാവശ്യം വേണ്ട ചായ കാപ്പി പലഹാരങ്ങൾ എല്ലാം ഇവിടെ ലഭിക്കും..

നമ്മുടെ നാട്ടിൽ കിട്ടുന്ന ഉള്ളി വടയും നെയ്യപ്പവും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട് അവിടത്തെ ചില്ലുകൂട്ടിൽ..അവരെ നിരാശരാക്കാതെ ഞങ്ങൾ അവരെ കുറെ പേരെ അങ്ങ് വിഴുങ്ങി..ചായ പറഞ്ഞവർക്ക് കാപ്പിയും കാപ്പി പറഞ്ഞവർക്ക് കട്ടൻ ചായയും തന്നു അവിടത്തെ മലയാളി ചേട്ടൻ മാതൃകയായി..കോളേജ് വിശേഷങ്ങളും ഇപ്പോൾ ഞങ്ങൾക്കു വന്ന രൂപമാറ്റവും പറഞ്ഞു ചിരിയായിരുന്നു കുറെ നേരം..അധികം ദീർഘിപ്പിക്കാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി..വണ്ടി പാർക് ചെയ്തതിനു മുൻപിലായി രണ്ടു അറബി കുഞ്ഞുങ്ങൾ സൈക്കിൾ ചവിട്ടി കളിക്കുന്നുണ്ട്..അസ്തമയ സൂര്യന്റെ രശ്മികൾ ചാഞ്ഞു പതിക്കുന്നുണ്ട്‌ അവരുടെ മുടിയിഴകളിൽ..കയ്യിലുള്ള കാമറ എടുക്കാൻ തോന്നിയെങ്കിലും ജാള്യത തോന്നിയതിനാൽ വേണ്ടെന്നു വച്ചു.. മനസ്സിൽ സേവ് ചെയ്തു വച്ച ഉപ്പുതടാകം മൊബൈലിലെ മാപ്പിൽ സെറ്റ് ചെയ്തു യാത്ര തുടർന്നു..പോകുന്ന വഴി ഒരു മത്സ്യവളർത്തൽ കേന്ദ്രം കണ്ടു..അവിടെ ഇറങ്ങി തേര പാരാ നടന്നു..ഫാം നോക്കുന്ന കാവൽ പയ്യനോട് അവിടെ ഇല്ലാത്ത കാര്യങ്ങളെ പറ്റി ചോദിക്കുന്നുണ്ട് കൂടെ ഉള്ള ചിലർ..മലയാളികൾ എന്നും അങ്ങനെ ആണല്ലോ..

ലിവയിലോട്ട് ഇനി ഒരു പന്ത്രണ്ടു കിലോമീറ്റർ കൂടെ കാണും..കൂടെ വന്ന കപ്പിത്താന് സ്വന്തം വണ്ടിയുടെ ഒരു പടം വേണമെന്ന് ഒരാഗ്രഹം പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ അടുത്ത് കണ്ട ഒരു ചതുപ്പു നിലത്തിൽ കയറ്റി രണ്ടു പടം ഒക്കെ എടുത്തു..യാത്ര തുടർന്നു..എതിരെ നിന്നും വാഹനങ്ങൾ ഒന്നും തന്നെ ഇല്ല ഇപ്പോൾ..ഇരുഭാഗത്തും കണ്ണെത്താത്ത ദൂരത്തിൽ പരന്നു കിടക്കുന്ന മണൽ കൂനകൾ...കടലിന്റെ ഓളം പതിഞ്ഞ മണലാരണ്യം ഇപ്പോൾ  കൺനിറയെ കാണാം,,കുറച്ചു ദൂരം കൂടെ പിന്നിട്ടപ്പോൾ കാറ്റുമൂലം മണൽ വഴിയിലേക്ക് കേറി കൂടി വിസ്തൃതി നന്നേ കുറഞ്ഞിരിക്കുന്നു..ദുബായിൽ മാപ്പ് വച്ച് പോകുന്ന ഒരു പരിത സ്ഥിതിയെ അല്ല ഇപ്പോൾ ഇവിടെ..ഒരു പക്ഷെ പോകുന്ന വഴി പൂർണമായും മൂടിയ അവസ്ഥ കണ്ടാലോ എന്ന ഭീതിയോടെ മുന്പിലോട് നോക്കിയിരുന്നു..നേരം ഇരുട്ടി തുടങ്ങി..മാപ്പിൽ മാർക്ക് ചെയ്ത പ്രദേശം ഇപ്പോൾ ഏതാണ്ട് എത്തി..കണ്ണെത്താത്ത ദൂരത്തിൽ കിടക്കുന്ന പടുകൂറ്റൻ മണൽ കൂനകളുടെ നടുവിൽ വളരെ താഴ്ന്നുള്ള ചതുപ്പു ഇപ്പോൾ കാണാം..

ഞങ്ങൾ ഇപ്പോൾ പോയികൊണ്ടിരിക്കുന്ന പാത ഒരുപാടു ഉയരത്തിലാണ്..മാപ്പിൽ കാണുന്ന വഴി പിന്തുടർന്നാൽ ഞങ്ങൾ ചിലപ്പോൾ ആ താഴ്ന്ന ചതുപ്പിലോട്ടു കീഴ്മേൽ മറിഞ്ഞേക്കാം..മാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഈ അക്കിടി പലപ്പോഴും സംഭവിച്ചിട്ടുണ്ടാകാം..ഒരു പക്ഷെ അങ്ങനെ പറ്റിയവർക്കു മാത്രമേ ഞാനീ പറയുന്ന അവസ്ഥയെ പറ്റി ഊഹിക്കാനാകൂ..  തന്നെയുമല്ല റോഡിനിരുവശവും സുരക്ഷക്കായി അവിടെ കമ്പി കൊണ്ടുള്ള വടം വച്ച് കെട്ടിയിട്ടുണ്ട്..എല്ലാവരും ഇപ്പോൾ നിശ്ശബ്ദരാണ്..എങ്ങിനെ ഈ ചതുപ്പിലോട്ട് ഇറങ്ങും എന്നോർത്ത് കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഞാൻ പറഞ്ഞ ഈ കമ്പിയുടെ വടം  ഒരു നാല് മീറ്ററോളം  താഴ്ന്നു തറയിൽ കിടക്കുന്നതു ശ്രദ്ധയിൽ പെട്ടു..ഒരു വഴി അപ്പുറത്തോട്ടുണ്ടോ എന്നുപോലും നോക്കിയില്ല..നിമിഷങ്ങൾക്കുളിൽ അത് മറികടന്നു..ഇപ്പോൾ ഞങ്ങൾ ഒരു മൺതിട്ട കൊണ്ടുണ്ടാക്കിയ വീതി കുറഞ്ഞ പാതയിൽ ആണ്..ആ പാത കറങ്ങിത്തിരിഞ്ഞ് താഴെയുള്ള ചതുപ്പിലോട്ടു പോകുന്നത് കാണാം ഞങ്ങൾക്ക്..ഞങ്ങൾ ഇത്രയും നേരം യാത്ര ചെയ്ത റോഡ് ഇപ്പോൾ ഉയരത്തിൽ കാണാം..

ചതുപ്പിലോട്ട് ഇറങ്ങുന്നതിനു മുൻപേ കരുത്തുള്ള കപ്പിത്താന്റെ വാഹനം മുന്പിലോട്ട് കടത്തിവിടാൻ ഞങ്ങൾ മറന്നില്ല..കാട്ടിൽ ആനക്കൂട്ടത്തെ ചതിക്കുഴിയിൽ പെടാതെ  വഴി കാണിക്കാനായി നടക്കുന്ന ഒരു പിടിയാന  എപ്പോഴും മുന്നിൽ കാണും..ഇതുപോലെ ആയിരിക്കണം ഇതുപോലെ ഉള്ള പ്രദേശങ്ങളിൽ നമ്മൾ പിന്തുടരേണ്ട രീതി..കുഴിയിൽ വീണാൽ എഴുന്നേറ്റ് വരാൻ കെല്പുള്ളവൻ എന്നും മുന്നിൽ ഉള്ളത് പോലെ പൂണ്ടു പോയ മണലിൽ നിന്ന് നിവരാൻ കരുത്തുള്ള വാഹനം എപ്പോഴും മുൻപിൽ പോകുന്നതാണ് ഉത്തമം..വയർലെസ്സ് സംഭാഷണം ഇപ്പോൾ വീണ്ടും സജീവമായി.. 

രണ്ടു കിലോമീറ്ററോളം ഇനിയും സഞ്ചരിക്കണം ഉപ്പുതടാകത്തിലോട്ടു..അങ്ങിങ്ങായി വെള്ളം വറ്റിപ്പോയ കുളം പോലുള്ള പ്രതലങ്ങൾ കാണാം..സൂക്ഷിച്ചു നോക്കിയാൽ വെള്ള നിറം കാണാം അവക്ക് പുറമെ..ഞങ്ങൾക്കായുള്ള  ഉപ്പു നിറഞ്ഞ വെള്ളമുള്ള തടാകം അവിടെ ഉണ്ടാകും എന്ന മട്ടിൽ യാത്ര തുടർന്നു..എങ്ങും കനത്ത നിശബ്ദതയാണ്..വാഹനത്തിലെ എൻജിന്റെ ശബ്ദം ഇപ്പോൾ ഉച്ചത്തിൽ കേൾക്കാം..അത്രക്കും നിശബ്ദമായ പ്രദേശം..ചുറ്റിനും ഒരുപാടുയരത്തിൽ ഉയർന്നു കാണുന്ന മണൽ കൂനകൾ..വാഹനത്തിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞു പോകുന്ന രീതിയിൽ ആണ് ഈ പ്രദേശം മുഴുവൻ..ഞങ്ങളുടെ ഡ്രൈവർ ഓടിക്കാൻ പാടുപെടുന്ന പോലെ കപ്പിത്താനും പാടുപെടുന്നുണ്ടാകാം.. ഏതായാലും മുൻപിൽ പോകുന്ന കപ്പിത്താന്റെ വാഹനത്തിനൊരു ബുദ്ധിമുട്ടും നോക്കുമ്പോൾ കാണുന്നില്ല എന്നതാണ് ഒരു ആശ്വാസം.. ഈ ഒരു രാത്രി ഈ ചതുപ്പു ആ കാണുന്ന മണലിനാൽ മൂടപ്പെടുമോ എന്ന് വരെയോർത്തു..പേടിയുള്ളവൻ എന്നറിയപ്പെടാൻ താല്പര്യമില്ലാത്തതിനാൽ മിണ്ടാതിരുന്നു..

മാർക്ക് ചെയ്ത പ്രദേശം എത്തി..ഒരിറ്റു വെള്ളം പോലും ഇല്ലാത്ത വറ്റി വരണ്ട ഇടം..മുന്പിലോട്ട് കുറച്ചു കൂടെ പോയി നോക്കിയെങ്കിലും ഒന്നും കണ്ടില്ല..ഒരുപാടു ദൂരെ ചെറിയ വെളിച്ചം കാണാൻ സാധിക്കുന്നുണ്ട്..ഞങ്ങൾ യാത്ര തല്ക്കാലം നിർത്താൻ തീരുമാനിച്ചു.. ഞാൻ നേരത്തെ പറഞ്ഞ ഇടിമിന്നലിന്റെ ഊർജം ഇപ്പോഴും സിരകളിൽ ഉള്ളതിനാൽ വെള്ളമില്ലാത്ത കുറവൊന്നും ഞങ്ങളെ അലട്ടിയില്ല..

വയർലെസ്സിലൂടെ  " ഇവിടെ കൂടാം " എന്ന ശബ്ദം മുഴങ്ങിയതും വാഹനങ്ങൾ അങ്ങിങ്ങായി നിർത്തി എല്ലാരും വേഗം ചാടിയിറങ്ങി..നല്ല ക്ഷീണമുണ്ടെല്ലാർക്കും..ഞെരിപിരി കൊള്ളുന്നതിനിടയിലാണ്  ഞങ്ങൾ അത് ശ്രദ്ധിച്ചത്,, നല്ല പൊടി കാറ്റുണ്ട്..മണൽ തരികൾ നിറഞ്ഞ കാറ്റ്..നിൽക്കുന്ന സ്ഥലത്തു അടുപ്പിനായി കുഴിയെടുത്തു.. മണൽ കാറ്റിനെ പ്രതിരോധിക്കാൻ വാഹനം കാറ്റിനെതിരെ കുറുകെയിട്ടു..അടുത്തുള്ള പരിസരം  തപ്പിയപ്പോൾ മണ്ണിൽ പുതഞ്ഞു കണ്ട പാറക്കല്ലുകൾ അടുപ്പിലെ കല്ലിനായി ഉപയോഗിച്ചു..പുതഞ്ഞ കല്ലുകൾ പൊക്കിയെടുക്കുമ്പോൾ ഞാൻ ഒരു പുരാവസ്തു ഗവേഷകനെ പോലെ തോന്നി മനസ്സിൽ..കല്ല് പൊക്കിക്കൊണ്ട് വരുമ്പോൾ എന്നെ ആരോ ഉച്ചത്തിൽ പുകഴ്ത്തുന്നുണ്ട്..'ഇത്രേം വലിയ കല്ല് നിനക്ക് മാത്രേ ഒറ്റയ്ക്ക് എടുക്കാനാകൂ എന്നൊക്കെ'..എല്ലാ കൂട്ടത്തിലും ഉണ്ടാകും ഇതുപോലെ ചിലർ..ശരീരമനങ്ങി ജോലിയെടുക്കാത്ത കുറെ എണ്ണം..എങ്കിലും ആ കുറവ് മറ്റുള്ളവരെ ആജ്ഞാപിച്ചോ പുകഴ്ത്തിയോ അങ്ങ് നികത്തും..

അധികം വൈകാതെ കപ്പിത്താന്റെ വണ്ടിയുടെ പിന്നിലെ ഡിക്കി തുറന്നു പൊന്തിച്ചു സാധനങ്ങൾ എല്ലാം നിലത്തിറക്കി വച്ചു..തെറ്റിദ്ധരിക്കരുത്..അടുക്കും ചിട്ടയും കാണിച്ചതല്ല..മദ്യപാനം എന്ന കലാരൂപത്തിനുള്ള നിരപ്പായ പ്രതലം അതല്ലാതെ വേറൊന്നും കണ്ടില്ല...ഈ കലാരൂപം നേരത്തെ തുടങ്ങാൻ കാരണങ്ങൾ  ഉണ്ട്..ഒന്ന് ക്ഷീണം, മറ്റൊന്ന് മദ്യപിക്കാത്തവരുടെ മുഖത്ത് ക്യാമ്പ് ചെയ്യാൻ തീരുമാനിച്ച  സ്ഥലം കണ്ടപ്പോൾ നിഴലിച്ച മ്ലാനത അല്ലെങ്കിൽ വിരസത.. ഇതൊഴിവാക്കാൻ ഞങ്ങൾത് ചെയ്യേണ്ടി വന്നു..ഇത് വായിക്കുന്ന ചിലരെങ്കിലും   കരുതുന്ന പോലെ മോശമായ  രീതിയിൽ കുടിക്കുന്നവരല്ല ഞങ്ങൾ ..പല യാത്രകളിലും പല എഴുത്തുകാരും വായനക്കാരുടെ സംപ്രീതിക്കായി കഥയിൽ  നിന്ന്  ഒഴിവാക്കുന്ന രംഗമാണിത്..ഞങ്ങൾ വളരെ താഴ്ന്ന രീതിയിൽ മദ്യപിക്കുന്ന ഒരു കൂട്ടരാണ്..നാട്ടിലെ കൂലിപ്പണി കഴിഞ്ഞു ഷാപ്പിൽ  കയറി കപ്പയും മീൻകറിയും കൂട്ടി കള്ളു മോന്തുന്നവന്റെ പ്രതിരൂപമുള്ളവർ..

എന്ന് വച്ചു ഇത് കുടിച്ചു സ്വഭാവം മാറുന്ന കൂട്ടരൊന്നും അല്ലാട്ടോ..എത്ര ഉന്മത്തരായാലും ഭാര്യയെ ഭാര്യയായും..മക്കളെ മക്കളായും കാണാൻ കഴിവുള്ളവർ..മദ്യപിച്ചു കഴിഞ്ഞാൽ ഉള്ള സമയം മറയില്ലാതെ നന്നായി സംസാരിക്കാനാണ് ഉപയോഗിക്കുന്നത്..എന്റെ ഭാര്യ വരെ ഇതിനെ കുറച്ചെങ്കിലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഒരു കാരണവും ഇത് തന്നെ..എപ്പോഴോ സൗദിക്കാരൻ വിളിച്ചു..പുറപ്പെടുവാണെന്ന് പറഞ്ഞു..മുക്കാൽ മണിക്കൂർ യാത്ര ഉണ്ട് പുള്ളിക്ക്..കുടിച്ച മദ്യത്തിന്റെ പ്രവർത്തനമാണോ എന്നറിയില്ല..വലിയ ഇംഗ്ലീഷ് സിനിമയിലെ നായകൻ വാച്ച് നോക്കുന്ന ഭാവത്തോടെ  നോക്കി ഞാൻ  അവനോടു പുറപ്പെട്ടോളാൻ പറഞ്ഞു..എവിടെ കാണും എന്ന ചോദ്യത്തിന് അരമണിക്കൂർ നീ യാത്ര ചെയ്തുകഴിഞ്ഞാൽ വഴിയരികിൽ ഞങ്ങളെ മാത്രേ നീ കാണുകയുള്ളു എന്ന അതികഠിനമായ ഉത്തരമാണ് ഞാൻ കൊടുത്തത്..അതെ ഞാൻ പറഞ്ഞത് സത്യമാണ്..അരമണിക്കൂർ യാത്ര ചെയ്തു കഴിഞ്ഞാൽ ആ റോഡരികിൽ വേറെ ആരും കാണില്ല..കൂടെ ഉള്ളവരോട് മൊബൈലിൽ അലാറം സെറ്റ് ചെയ്യാൻ പറഞ്ഞു..കാരണം റോഡരികിലോട്ട് ചതുപ്പിൽ നിന്നും 10 മിനിറ്റ് യാത്ര ചെയ്യണമല്ലോ..മദ്യപിക്കുമ്പോൾ സമയത്തിന്റെ വേഗത കൂടുകയും നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ വേഗത കുറയുകയുമാണെന്നു തോന്നുന്ന ഒരത്ഭുത പ്രവണതയുണ്ട്..

ഇപ്പോഴാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചത്.. ഭാര്യ നാട്ടിലായതുകൊണ്ട് മാത്രം ഞങ്ങളുടെ കൂടെ യാത്ര വന്ന മഹാൻ പോക്കറ്റിൽ നിന്നും ഒരു വെളുത്ത കവറിൽ പൊതിഞ്ഞ ഒരു കുപ്പി പുറത്തെടുത്തു..കാര്യം തിരക്കിയപ്പോൾ ആണ് മനസ്സിലായത്..എങ്ങാനും മദ്യപിക്കാൻ ഉള്ള സാധനം നിങ്ങൾ എടുക്കാൻ മറന്നു പോയാൽ സ്വന്തമായി കുടിക്കാൻ കരുതിയതാണത്രേ..പഠിച്ചു കൊണ്ടിരുന്നപ്പോൾ ഇദ്ദേഹം നടത്തിപ്പോന്ന ഒരു വികൃതി ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുകയാണ്..ആദ്യ വർഷങ്ങളിൽ ഞങ്ങൾ എല്ലാരും ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഇദ്ദേഹം,പഠിക്കാൻ ഇരിക്കുമ്പോൾ ഒരു സ്റ്റീൽ ഗ്ലാസ് അടുത്ത് വെക്കുമായിരുന്നു..ഇടക്കെ അതെടുത്തു കുടിക്കുന്നതും കാണാം.. ചോദിക്കുമ്പോൾ ഒക്കെ വെള്ളം അല്ലെങ്കിൽ കട്ടൻ ചായ എന്നായിരുന്നു മറുപടി..സ്റ്റീൽ ഗ്ലാസ് ആയതിനാൽ മറ്റവൻ ആയിരിക്കുമെന്ന് ഞങ്ങളും ഒരിക്കലും കരുതിയിരുന്നില്ല..രണ്ടു വർഷത്തിന് ശേഷം റൂമിൽ ഒരു സുഹൃത്ത് വന്നു..ഏതുറക്കത്തിലും മദ്യത്തിന്റെ കുപ്പി കാണാതെയും കുടിക്കാതെയും മണംപിടിച്ചു മാത്രം ഏതുതരം മദ്യമാണെന്ന് പറയാനുള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രത്യേകത ആണ്..റൂമിൽ വന്ന പാടെ ഇദ്ദേഹം ഈ മണം പിടിച്ചു കള്ളനെ പൊക്കിയ നിമിഷം രസകരമായിരുന്നു...

അലാറം മുഴങ്ങി..ധൃതിയിൽ ഒരു വണ്ടിയിൽ ചാടികയറി ഞങ്ങൾ റോഡ് ലക്ഷ്യമാക്കി നീങ്ങി..നേരത്തെ ഇറങ്ങിവന്ന പാതയെല്ലാം താണ്ടി വടം താഴ്ന്ന പ്രദേശത്തു നിലയുറപ്പിച്ചു..ഒരു വാഹനവും കാണുന്നില്ല..കയ്യിലുള്ള കാമറ എടുത്തു നോക്കുന്നതിനിടെ അകലെ നിന്നും ഒരു വെളിച്ചം കണ്ടു..ശക്തമായ വെളിച്ചം അടുത്ത് വന്നു കൊണ്ടിരുന്നു..കുറെ അടുത്തപ്പോൾ ഒരു കാർ ആണെന്ന് മനസ്സിലായി..പിന്നെയും അടുത്തപ്പോൾ ഞങ്ങളെ കൈവീശി കാണിക്കുന്ന ഞങ്ങൾ കാത്തിരുന്ന ആ മഹത് വ്യക്തിയെ കാണാനായി..ഒരു പാട് സന്തോഷം തോന്നി..

സന്തോഷപ്രകടനം ദീർഘിപ്പിക്കാതെ വേഗം ഞങ്ങൾ ഭാവനയിൽ ഉണ്ടാക്കിയെടുത്ത തടാകത്തിലോട്ടു അവനെ നയിച്ചു..ഇദ്ദേഹത്തിൻെറ കാറിനു ഭാരം കൂടുതലായതിനാൽ ടയർ പുതഞ്ഞു പോകുന്ന പ്രവണതയും കൂടുതലാണ്..തണുപ്പകറ്റാനും വിശപ്പകറ്റാനുമായി തീർത്ത അടുപ്പിന്റെ വെളിച്ചം ഞങ്ങൾക്കകലെ നിന്നും കാണാം ഇപ്പോൾ..കൂടെ വരാതെ അവിടെ  നിന്നവർ ഞങ്ങളെ ആകാംക്ഷയോടെ എതിരേറ്റു..കപ്പിത്താൻ ഞങ്ങൾ എത്തിയ പാടെ പുതിയ കാറിന്റെ ശക്തി പരീക്ഷിക്കാനെന്ന വണ്ണം സൗദിക്കാരന്റെ കാറെടുത്തു ഒന്ന് കറക്കി..നിർഭാഗ്യവശാൽ പുറത്തെടുക്കാനാവാത്തവിധം  ചക്രം മണ്ണിൽ പുതഞ്ഞു പോയി...അൽപനേരം കൂടെ എല്ലാരും കൂടെ കൈ വച്ച് പൂണ്ടുപോയ വാഹനം പുറത്തെടുക്കാൻ വിഫല ശ്രമം നടത്തി..ഞാൻ ഈ കാറുകളുമായി ബന്ധപ്പെട്ട തൊഴിലായതിനാൽ എത്രയും വേഗം കാർ പുറത്തെടുക്കാനുള്ള ഒരു ധൃതി ഞാൻ കാണിച്ചെങ്കിലും ആ രാത്രിയിലെ ആഘോഷത്തെ ബാധിക്കുമെന്ന കൂട്ടുകാരുടെ അഭിപ്രായത്തെ മാനിച്ചു ഞങ്ങൾ പിൻവാങ്ങി..

വീണ്ടും പൂർവകാല കലാലയ വിശേഷങ്ങളിൽ ഞങ്ങൾ വ്യാപൃതരായി..ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി..കൂട്ടത്തിൽ ചിലര്ക്കൊന്നും ഇതിനോട് യോജിപ്പില്ലായിരുന്നു..ഇതിനിടെ സൗദികാരന്റെ വിവാഹം ഉറപ്പിച്ചതായി അവൻ ഞങ്ങളോട് പറഞ്ഞു..പണ്ട് പെണ്ണ് കാണാൻ പോയി നടക്കാതെ പോയ ബന്ധം ആയിരുന്നെന്നും പിന്നീട് കുട്ടിയുമായുണ്ടായ ഇടപെടൽ വീണ്ടും ഒരുമിക്കാൻ കാരണമായെന്നും അറിയാൻ ഇടയായി..ഭാര്യ ഇല്ലാത്തതിന്റെ പേരിൽ യാത്ര വന്ന വ്യക്തി ഇതിനിടെ പാചകം ചെയ്ത ചിക്കൻ കറി രുചിക്കാൻ ഇടയായി..ഇത്രേം രുചിയുള്ള കറി ഞാൻ അടുത്തൊന്നും രുചിച്ചിട്ടില്ല എന്ന് വേണം പറയാൻ ..

ആകാശത്തുള്ള നക്ഷത്രങ്ങൾ ഇപ്പോൾ നല്ലപോലെ ദൃശ്യമാണ്..കയ്യിലുള്ള കാമറ പുറത്തെടുത്തു അവയെ ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും അനുയോജ്യമായ രീതിയിൽ വിഡ്ത് ഉള്ള ലെൻസ്ഇല്ലാത്തതിനാൽ കഴിഞ്ഞില്ല..ഒരു പാട് വിഷമം തോന്നി..ഇപ്പോൾ കയ്യിലുള്ള കാമറ മേടിച്ചതിന്റെ പിന്നിലെ ആവശ്യവും ഈ താര ചിത്രീകരണ മോഹമാണ്.. മുൻപുണ്ടായിരുന്ന കാമറ വച്ചൊന്നും ഈ പരിപാടി നടക്കുകില്ലായിരുന്നു...ഭാര്യയുടെ  സഹകരണ മനോഭാവം ആണ് ഈ വില പിടിച്ച കാമറ ഇപ്പോൾ എന്റെ കയ്യിൽ ഉള്ളതിന്റെ കാരണം എന്ന് വേണമെങ്കിൽ പറയാം..ഈ കാമറ പരിപാടി അല്ലെങ്കിലും സാധാരണകാർക്ക് ബുദ്ധിമുട്ടാ... മനസ്സിലുള്ള  മോഹം നടന്നില്ല ഇത്തവണയും...എന്തൊക്കെയോ കുറെ ഫോട്ടോസ് എങ്ങിനെ ഒക്കെയോ തട്ടിക്കൂട്ടി എടുത്തു..പൂണ്ടു കിടക്കുന്ന വാഹനം കാണുമ്പോൾ മനസ്സിൽ ഒരു ഭീതി പോലെ ഒക്കെ തോന്നി..അതിനാൽ കിടക്കുന്നതിനു മുൻപായി ഒന്നുകൂടെ ശ്രമം നടത്തിയാലോ എന്ന് എല്ലാരോടും ചോദിച്ചെങ്കിലും ആർക്കും താല്പര്യം ഉണ്ടായില്ല..

കൂട്ടത്തിൽ ഉള്ളവർ കിടക്കാനായി ടെന്റുകൾ കൊണ്ട് വന്നിട്ടുണ്ട് ...ടെന്റിൽ കേറി കിടക്കാൻ സ്ഥലം ഉണ്ടായിരുന്നെങ്കിലും അടുത്ത് കിടക്കുന്നവന്റെ കൂർക്കം വലി പേടിച്ചു കിടന്നില്ല..കപ്പിത്താന്റെ വണ്ടിയുടെ പിന്നിലെ സീറ്റ് ഞാൻ കിടക്കയാക്കി മാറ്റി..ഡോർ തുറന്നു മലർന്നു കിടക്കുമ്പോൾ ആകാശത്തിലെ നക്ഷത്രങ്ങളും പൂണ്ടു പോയ വാഹനം തലകീഴായും ഒന്നിച്ചു കാണാമായിരുന്നു..സ്ഥിരം കിടക്കുന്ന സ്ഥലത്തു നിന്നും മാറിയാൽ ഉറക്കം വരില്ലെന്ന ഒരു ദോഷം എനിക്കുള്ളതിനാൽ നക്ഷത്രങ്ങളെ നോക്കി നേരം കഴിച്ചു...

നേരം വെളുത്തു തുടങ്ങി..മാളങ്ങളിൽ നിന്ന് മുയലുകൾ ഇറങ്ങുന്ന കണക്കെ ചിലർ കൂടാരത്തിൽ നിന്ന് പുറത്തിറങ്ങി വരുന്നുണ്ട്..ചിലർ ഇറങ്ങിയപോലെ തന്നെ തിരിച്ചും കേറുന്നു..പൂണ്ടു പോയ കാറിനടുത്തു ആരോ പതുങ്ങി ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു..കപ്പിത്താനാണ്..രാവിലെ തന്നെ കൈ കൊണ്ട് മണ്ണെല്ലാം മാറ്റുന്ന പ്രക്രിയയിൽ ആണ്..തലെ ദിവസം കാണിച്ച ആവേശം അതിരു കടന്നു പോയോ എന്ന മ്ലാനത മുഖത്തുള്ള പോലെ തോന്നിച്ചു..ഞാനും കൂടി സഹായിക്കാൻ..

മണ്ണെല്ലാം ഒരു വിധം മാറ്റി..ചക്രം ഇപ്പോൾ മുഴുവൻ കാണാം..ഒരു ഗ്രിപ്പിനു വേണ്ടി ചെറിയ പാറക്കഷണങ്ങൾ ഇട്ടു കൊടുത്തു..ഇപ്പോൾ എല്ലാം ശരിയായിരിക്കുന്നു..ഇനി സ്റ്റാർട്ട് ചെയ്തു എല്ലാരും കൂടെ കൈവച്ചാൽ മാത്രം മതിയെന്നുറച്ചു ആ കർമത്തിൽ നിന്ന് പിന്മാറി..സൗദിക്കാരൻ എഴുന്നേറ്റു കയ്യിലുള്ള ഒരു കുഞ്ഞു പാട്ട് പെട്ടി ഓൺ ചെയ്തു...എല്ലാരും കൂടെ ഒന്നിച്ചുള്ള ഫോട്ടോ എടുത്തേക്കാം എന്നുള്ള ആഗ്രഹം,നിറവേറ്റി വണ്ടി സ്റ്റാർട്ട് ചെയ്തു തള്ളാൻ ആരംഭിച്ചു..എല്ലാവരുടെയും പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ട് വാഹനം ഒരിഞ്ചു പോലും നീങ്ങാതെ കിടന്നു...ചക്രം എല്ലാം ദ്രുതഗതിയിൽ കറങ്ങുന്നുണ്ട് തടസ്സങ്ങളില്ലാതെ..വാഹനത്തിന്റെ അടിയിലെ ചാസിസ് അല്ലെങ്കിൽ നാട്ടിൽ പറയുന്ന പോലെ ഷാസി ഇപ്പോഴും മൺകൂനക്ക് മുകളിൽ നിൽക്കുന്നതാണ് കാരണം എന്ന് ഞങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കിയത്..

കെ ആൻഡ് കെ ഓട്ടോമൊബൈൽസ് എന്ന് ഏതോ സിനിമയിൽ ജഗതി പറയുന്ന രംഗം മനസ്സിലൂടെ മിന്നിമാഞ്ഞു പോകുന്നുണ്ട് ..ഞാൻ വാഹനത്തിന്റെ ചുറ്റുപാടും കെട്ടി വലിക്കാനുള്ള ഹുക്ക് നോക്കി നടന്നെങ്കിലും കണ്ടില്ല..ഇതുപോലും ഇല്ലാതെ ഒരു കാര് നിർമിച്ചവരെ ഞാൻ അതിനിശിതമായി വിമർശിച്ചു അൽപ നേരം. ..ഈ വാഹനത്തിനു അങ്ങിനെ ഒരു ഹുക്ക് ഇല്ല..

കാറിനകത്തുള്ള റോഡ് അസ്സിസ്റ്റൻസ് ഫോൺ നമ്പറുകൾ ഒക്കെ നോക്കി നമ്പർ  ഒക്കെ തപ്പിയെടുത്തു വിളിച്ചപ്പോൾ ഞങ്ങൾ കിടക്കുന്ന ലൊക്കേഷനിൽ എത്താൻ കുറഞ്ഞത് നാല് മണിക്കൂർ സമയം വേണമെന്നായിരുന്നു പറഞ്ഞത്..ബലമുള്ള ഒരു റോപ്പ് ഉണ്ടെങ്കിൽ വാഹനത്തിന്റെ ഷാസിയിൽ എങ്കിലും കെട്ടിവലിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കാം..നിർഭാഗ്യവശാൽ അത് ഞങ്ങളുടെ പക്കൽ ഇല്ലായിരുന്നു..മരുഭൂമിയിൽ ആൾപെരുമാറ്റം ഉള്ള എവിടെയും അവശ്യം ഉണ്ടായിരിക്കേണ്ട വസ്തുവാണിത്..ഒരുപക്ഷെ കുടിവെള്ളത്തിനേക്കാളും പ്രധാനം..സഹായത്തിനായി തലേ ദിവസം ദൂരെ കണ്ട വെളിച്ചമുള്ള പ്രദേശത്തോട്ട് ഞങ്ങൾ പോയി..അവിടെ കെട്ടിവലിച്ചു കൊണ്ട് പോകുന്ന വലിയ ക്യാബിനുകൾ കാണാനിടയായി...ഇംഗ്ലീഷ് സിനിമകളിൽ ഞാനിതു കണ്ടിട്ടുണ്ട്...ഊരു ചുറ്റാനിറങ്ങുന്നവർ ഉപയോഗിക്കുന്ന കോഴിമുട്ടയുടെ അരികുകൾ ഉള്ള കരാവാനുകൾ.. കുറെ ഒട്ടകങ്ങൾ അങ്ങിങ്ങായി നില്പുണ്ട്..മനുഷ്യരെ ആരെയും അവിടെ കണ്ടില്ല..ഏതോ വ്യക്തിയുടെ സ്വകാര്യ വിഹാര കേന്ദ്രമെന്ന് തോന്നിച്ചു അത്..നമ്മുടെ നാട്ടിൽ എസ്റ്റേറ്റ് ഗസ്റ്റ് ഹൗസ് ഒക്കെ പോലെ..പടുകൂറ്റൻ ടാങ്കർ ലോറി ഒരെണ്ണം അങ്ങകലെയായി അവിടെ കണ്ടു..അതിനടുത്തായി ഒട്ടകത്തിനുള്ള തീറ്റ തയ്യാറാക്കുന്ന ഒരു പാകിസ്താനി പൗരനെയും കണ്ടു..അദ്ദേഹത്തോട് ഞങ്ങൾ കാര്യം തിരക്കി..അധികം മനുഷ്യരെ കണ്ടു സംസാരിച്ചുള്ള പരിചയം ഇദ്ദേഹത്തിനില്ല..ഇത്രമാത്രം ആണ് ഇദ്ദേഹം ഞങ്ങളോട് പറഞ്ഞത്.." മുതലാളി ഇവിടെ ഇല്ല..നിങ്ങൾക്ക് ആവശ്യം ഉള്ള വാഹനവും കയറും അദ്ദേഹത്തിന്റെ പക്കൽ ആണ്"..നിരാശരായി തിരിഞ്ഞു പോകുമ്പോൾ ബെന്യാമിൻ എഴുതിയ ആട് ജീവിതം നോവൽ ആയിരുന്നു എന്റെ മനസ്സിൽ..എല്ലാ നാട്ടിലെ പൗരന്മാരും ഒരേ ഒരു കാരണത്താൽ ഇതുപോലെ ഉള്ള ജോലികൾ പുറംനാട്ടിൽ ചെയ്യേണ്ടി വരുന്നത് പുതിയ കാഴ്ച ഒന്നും അല്ല...സ്വന്തം നാട്ടിൽ ഇതിനേക്കാൾ നല്ല കാശു കൂലി വേല ചെയ്തു ഇക്കാലത്തു ഉണ്ടാക്കാൻ കഴിയുമെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ അഭിമാനി ആയിരിക്കാൻ ഉള്ള ചേതോവികാരം ആയിരിക്കാം ഇതിനൊക്കെ കാരണം..

ഞങ്ങൾ വാഹനം താഴ്ന്ന പ്രദേശത്തോട്ട് തിരിച്ചെത്തി..നല്ല ചുട്ടുപൊള്ളുന്ന വെയിലുണ്ട് ഇപ്പോൾ..സമയം ഏതാണ്ട് ഒൻമ്പതായി കാണും..അടുത്തുള്ള ടൗണിൽ നിന്ന് റിക്കവറി വാൻ വിളിക്കാൻ ആയിരുന്നു പ്ലാൻ..കുറച്ചു പേരെ അവിടെ തന്നെ ഉള്ള കാറുകളിൽ ആക്കി ഞങ്ങൾ ടൌൺ ലക്ഷ്യമാക്കി നീങ്ങി...പോകുന്ന വഴിയിൽ ഒരു വലിയ ലോറി കാണാൻ ഇടയായി..അറബിയാണ്..അദ്ദേഹത്തോട് സഹായിക്കാൻ സാധിക്കുമോ എന്ന തിരക്കി..ഞങ്ങളുടെ കാർ താഴ്ന്ന പ്രദേശത്തോട്ട് സാധാരണ ഗതിയിൽ ഭാരമുള്ള വാനുകൾ ഇറങ്ങുകില്ല എങ്കിലും നിങ്ങൾ ചോദിച്ച സ്ഥിതിക്ക് റോപ്പ് കൈവശം ഉണ്ടേൽ വരാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു..ഗൾഫിൽ വന്നു അറബി ഭാഷ പഠിച്ചതിന്റെ ഗുണം ആദ്യം ആയി എനിക്കുപകാരപ്പെട്ടതു ഇപ്പോഴായിരുന്നു..ഞാൻ പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായി അതുകൊണ്ടാണ്..അല്ലാതെ അയാൾക്ക് ഞങ്ങളെ സഹായിക്കാൻ സാധിച്ചിട്ടല്ല...റോപ്പ് കൈവശം ഇല്ലാതെ ഈ ഭഗീരഥ യത്നത്തിനിറങ്ങിയ ഞങ്ങളാണ് കുറ്റക്കാർ..

പരിഭ്രമം ഇപ്പോൾ നന്നായി കൂടി..സൗദിയിൽ നിന്നുമുള്ള സുഹൃത്തിനു ഇന്ന് തന്നെ തിരികെ പോകാനാകുമോ എന്നായി ചിന്ത..വീട്ടിൽ എന്റെ ഭാര്യ ഒറ്റക്കാണ്...ഞങ്ങൾ പെട്ടുപോയ പ്രദേശത്തിന്റെ പരിസ്ഥിതിയും ഞങ്ങളെ സഹായിക്കുന്നവരെ പോലും അകറ്റുന്ന തരത്തിലുള്ളതായിരുന്നു...റിക്കവറി വാൻ അവിടെ വരുമോ എന്നും വന്നു കഴിഞ്ഞാൽ ഹുക്ക് ഇല്ലാത്തതിന്റെ പേരിൽ അവർക്ക് വാഹനത്തെ കെട്ടിവലിക്കാൻ ആകുമോ എന്നൊക്കെയായി ചിന്ത..ഇപ്പോഴാണ് കപ്പിത്താൻ അദ്ദേഹത്തിന്റെ വായ തുറന്നതു..വാഹനത്തെ ചക്രത്തിൽ കൊളുത്തി വലിക്കാൻ ആകുമെന്നും നമുക്ക് ഉച്ചക്ക് മുൻപേ നമ്മുടെ വീടുകളിൽ എത്തുമെന്നും ആയിരുന്നു പറഞ്ഞത്..ഇപ്പോൾ അതിനെ കുറിച്ചാലോചിക്കുമ്പോൾ ആണ് വൃഥാ പറഞ്ഞ ആ ഒരു വാചകത്തിലെ പ്രസക്തിയും പ്രാധാന്യവും എനിക്ക് മനസ്സിലാകുന്നത്.. ഏതൊരു പ്രതിസന്ധികളിലും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുന്ന ചില വ്യക്തിത്വങ്ങളിൽ ഒന്നാണ് ഇദ്ദേഹം..ഈ ഒരു കഴിവ് എനിക്ക് വളരെ കുറവാണ്..ചെയ്യുന്ന ജോലിയുടെ സ്വഭാവം ആയിരിക്കാം ഈ ഒരു കഴിവ് എന്നിൽ കുറയുന്നത് എന്നാണ് എന്റെ ഒരു കണക്കു കൂട്ടൽ..ഡിയഗ്നോസിങ് പ്രോബ്ലെംസ് ആണ് എന്റെ ഫീൽഡ്..എന്റെ ഫീൽഡിൽ പോസിറ്റീവ് ആയി ഒരു പ്രോബ്ലം അപ്രോച്ച് ചെയ്താൽ തീരുന്ന ഒന്നും തന്നെ ഇല്ല..എക്സ്പെക്ട് ദി വേർസ്റ്റെ അല്ലെങ്കിൽ വരാനിരിക്കുന്ന വലിയ ദുരന്തം ഒഴിവാക്കൽ ആണ് ആദ്യത്തെ പടി...എത്ര ചെറിയ പ്രശ്നത്തിനും അമിതമായ ശ്രദ്ധ കൊടുക്കൽ...

യാത്രയിലോട്ട് തിരിച്ചു വരാം..മെസീറ എന്ന് പേരുള്ള ടൌൺ ആണ് അടുത്തുള്ളത്..ഇരുപതു കിലോമീറ്റര് അകലെ ആണ് ഇപ്പോൾ ഞങ്ങൾ അകപ്പെട്ടു പോയ പ്രദേശം..മെസിറ എത്താറായപ്പോൾ വഴിയിൽ വച്ച് ഒരു റിക്കവറി വാൻ കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു..വാഹനത്തിനു പുറത്തായി പതിച്ചിട്ടുള്ള നമ്പർ ഡയൽ ചെയ്തു വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല..ടൌൺ എത്തി ..ഒരു ഗ്രോസറി ക്കു സമീപത്തായി ഒരു റിക്കവറി വാൻ ശ്രദ്ധയിൽ പെട്ടു..നമ്പർ എടുത്തു വിളിച്ചപ്പോൾ ഡ്രൈവർ പള്ളിയിൽ ആണെന്നും അഞ്ചു മിനുട്ടിനുള്ളിൽ വരാം എന്നും പറഞ്ഞു..ആ കടയിൽ നിന്നും ഓരോ ചായ മേടിച്ചു കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു പാകിസ്താനി ഡ്രൈവർ ഞങ്ങൾക്ക് നേരെ വന്നു..അദ്ദേഹത്തെയാണ് ഞങ്ങൾ ഫോണിൽ വിളിച്ചത്..കാര്യങ്ങൾ സംസാരിച്ചു..ദൂരം കൂടുതലാണെന്നും അവിടെ എത്തിയാൽ ഞങ്ങൾ അകപ്പെട്ടു പോയ സ്ഥലത്തോട്ടു ഇറങ്ങി വാഹനത്തെ വലിക്കാൻ സാധിക്കുമോ എന്ന് പോലും ഉറപ്പില്ലെന്ന് പറഞ്ഞു..വെറുതെ അവിടെ വരാൻ ആണെങ്കിലും ഇരുന്നൂറു ദിർഹം വേണമെന്നാണ് അയാൾ പറഞ്ഞത്..ഞങ്ങളുടെ പക്കൽ വേറെ വഴി ഇല്ലാഞ്ഞതിനാൽ ആ ഡിമാൻഡ് ഞങ്ങൾ സ്വീകരിച്ചു..ഞങ്ങളുടെ വാഹനത്തിനു പുറകെ അയാൾ ഞങ്ങളെ അനുഗമിച്ചു..

ഇതേ സമയം വാഹനം അകപ്പെട്ടു പോയ പ്രദേശത്തു സംഭവിച്ച സംഭവ വികാസങ്ങളെ പറ്റി  ഞാൻ പറയാം..ഈ പാരഗ്രാഫിൽ ഞാൻ ഇല്ല..ഞങ്ങൾ റിക്കവറി വാനും കൊണ്ട് വന്നു കൊണ്ടിരിക്കുന്നു....കാറിൽ ഇരുന്നു നേരം പോകുകയായിരുന്നു മറ്റുള്ളവർ..പുറത്തിറങ്ങിയാൽ ചൂട് അസഹനീയമാണ് എന്നുള്ളതിനാലാണ്..ചുറ്റും നിശബ്ദത..ഇടക്ക് പൊടിക്കാറ്റ് ചുഴലി രൂപത്തിൽ വീശുന്നുണ്ട്...അകലെ നിന്നും ഒരു വലിയ പിക്ക് അപ്പ് വരുന്നുണ്ട്..മന്ദഗതിയിൽ ആണ് വരവ്..ഞങ്ങൾ അവിടെ വിട്ടു പോന്ന കാറിൽ നിന്നും ഒരുത്തൻ ഇറങ്ങി ഈ വരുന്ന വാഹനത്തിനു നേരെ കയറി നിന്നു...ഭാര്യ നാട്ടിലായതിനാൽ കറങ്ങാൻ ആയി ഞങ്ങളോടൊപ്പം വന്ന വ്യക്തിയാണ്..ഉള്ളിൽ നോക്കിയപ്പോൾ ഒരു അറബിയും കൂടെ അതിസുന്ദരിയായ ഒരു സ്ത്രീയും..അറബി സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ച് ഞാനധികം പറയേണ്ടതില്ലലോ..അറിയാവുന്ന ഇംഗ്ലീഷും അറബിയും വച്ച് അവൻ അറബിയോട് കാര്യം പറഞ്ഞു..നിശബ്ദനായി അദ്ദേഹം എല്ലാം കേട്ട് വാഹനത്തിന്റെ ഫസ്റ്റ് ഗിയര് ഇട്ടതിനു ശേഷം പറഞ്ഞു ..."മാഫി മുഷ്കിൽ ..അനാ ജീബ് ഡ്രൈവർ മിഷൻ അനാ.." ...എന്ന് പറഞ്ഞു അയാൾ അതിവേഗത്തിൽ പോയി..പരിഭ്രമിക്കേണ്ട..എന്റെ ഡ്രൈവറെ ഞാൻ ഇങ്ങോട്ടയക്കാം എന്നാണ് അയാൾ പറഞ്ഞതിനര്ഥം..

ഞങ്ങൾ റിക്കവറി വാനും കൊണ്ട് ഈ പ്രദേശത്തോട്ട് ഇറങ്ങുമ്പോൾ അങ്ങകലെ തലേ ദിവസം വെളിച്ചം കണ്ട പ്രദേശം ലക്ഷ്യമാക്കി പൊടി പാറിച്ചു പോകുന്ന ആ അറബിയുടെ വാഹനം വ്യക്തമായി കാണാമായിരുന്നു..ഞങ്ങൾ വന്ന പാടെ അവിടെ നടന്ന സംഭവങ്ങളെ പറ്റി വിവരിച്ചു..റിക്കവറി ഡ്രൈവർ പ്രദേശം കണ്ടു അയാളുടെ വാഹനം ഇവിടെ ഇറക്കിയാൽ താഴ്ന്നു പോകും എന്ന് പറഞ്ഞു വാഹനം ഇറക്കാതെ നില്പുണ്ട്....അറബികളുടെ സ്വഭാവ ഗുണം വച്ച് ഇനി ഒരു സഹായവും പ്രതീക്ഷിക്കേണ്ട എന്ന് ചിന്തിച്ച നിമിഷം മറ്റൊരു ചെറിയ പിക്ക് അപ്പ് ഒട്ടകങ്ങൾ നിന്ന ഭാഗത്തു നിന്നും വലിയ ശബ്ദത്തോടെ പൊടി പറിച്ചു കുതിച്ചു വരുന്നത് കണ്ടു..കാളപ്പോരിന് കാളയെ തുറന്നു വിട്ട പോലെ തോന്നിച്ചു ആ വരവ്..ആ വരുന്ന വാഹനം തികച്ചും സാധാരണ റോഡിൽ ഓടുന്ന ലാഘവത്തോടെ ആയിരുന്നു വന്നത്..പഴയ നിസ്സാൻ  കമ്പനിയുടെ വാഹനം ആയിരുന്നു അത്..താഴ്ന്നു പോയ വാഹനത്തിനു അടുത്ത് നിർത്തി ഞങളുടെ നേരെ ശകാരിച്ചു...നിങ്ങള്ക്ക് നേരത്തെ അങ്ങോട്ട് വരമായിരുന്നല്ലോ എന്നും ഇപ്പോൾ നിങ്ങൾ സഹായം ചോദിച്ച  വ്യക്തി ഞങ്ങളുടെ മുതലാളി ആണെന്നും പറഞ്ഞു..അദ്ധേഹത്തിന്റെ പരിസരത്തു നിങ്ങൾ അകപ്പെട്ടു പോയത് അദ്ദേഹത്തിന് കുറച്ചിലാണെന്നും പറഞ്ഞു അയാൾ ദ്രുതഗതിയിൽ താഴ്ന്നു പോയ വാഹനത്തിന്റെ ചുറ്റും നടന്നു നോക്കി..കൂട്ടിൽ നിന്നും പട്ടിയെ ഇറക്കി വിട്ടാൽ മരത്തിനു ചുറ്റും മണം പിടിക്കുന്ന പോലെ അയാൾ പരതി നടക്കുന്നുണ്ട്..അതിവേഗം അയാളുടെ പക്കൽ ഉള്ള റോപ്പ് വച്ചു അയാൾ തന്നെ താഴെ കിടന്ന് ഷാസിയിൽ കൊളുത്തി..ഞങ്ങൾ അങ്ങോട്ട് ഒരു തവണ വന്നതാണെന്നും ഒട്ടകത്തിന് തീറ്റി കൊടുക്കന്നവൻ ഇവിടെ ആരും ഇല്ല എന്നാണ് പറഞ്ഞതെന്നും ഞങ്ങൾ പറഞ്ഞെങ്കിലും അയാൾ അതൊന്നും ചെവികൊള്ളാതെ അയാളുടെ ജോലിയിൽ വ്യാപൃതനായിരുന്നു..

ഒരാൾ താഴ്ന്നു പോയ വാഹനത്തിൽ കയറി ഇരുന്നു പതിയെ ആക്സിലറേറ്റർ കൊടുത്താൽ മതിയെന്ന് പറഞ്ഞു അയാൾ പിക്ക് അപ്പ് നു അകത്തോട്ടു കയറി..സൗദിക്കാരൻ വാഹനത്തിൽ കയറി..അയാൾ പിക്ക് അപ്പ് സ്റ്റാർട്ട് ചെയ്തു വലിക്കാൻ ആയി ആരംഭിച്ചു..വലിയ ശബ്ദത്തോടെ വാഹനം വലിഞ്ഞു തുടങ്ങി..നിമിഷങ്ങൾക്കുള്ളിൽ വാഹനം അയാൾ പുറത്തെടുത്തു...സൗദിക്കാരൻ കാര് സ്റ്റാർട്ട് പോലും ചെയ്തില്ലെന്ന് അതിനു ശേഷം ആണ് കൗതുകത്തോടെ  ഞങ്ങൾ  അറിഞ്ഞത്...വലിച്ചു കയറ്റിയ ശേഷം പിക്ക് അപ്പ് ഇൽ നിന്ന് വരുന്ന ആ ഡ്രൈവർക്കു മാലാഖയുടെ ചിറകുള്ള പോലെ തോന്നിച്ചു..

ഞാൻ അദ്ദേഹത്തിന് അമ്പതു ദിർഹം കൊടുത്തപ്പോൾ തന്റെ മുതലാളിക്ക് സഹായിച്ചതിന്റെ പേരിൽ ഉള്ള പാരിതോഷികങ്ങൾ ഇഷ്ടമല്ല എന്നാണ് എന്നോട് പറഞ്ഞത്..മുതലാളിയോട് പറയേണ്ട എന്നും ഇത് നിങ്ങള്ക്ക് അവകാശപ്പെട്ടതാണെന്നും പറഞ്ഞു നിര്ബന്ധപൂർവം ഞാൻ ആ പൈസ അയാളുടെ കയ്യിൽ;വച്ച് കൊടുത്തു..അയാൾ സന്തോഷത്തോടെ മടങ്ങി..റിക്കവറി കാരൻ ഡിമാൻഡ് ചെയ്ത പൈസയും കൊടുത്തു ഞങ്ങൾ യാത്ര തിരിച്ചു...മൺതിട്ട യിൽ കൂടെ കയറി റോഡിൽ കയറുന്നതിനു മുൻപേ ആ ചതുപ്പിനെ ഒന്ന് കൂടെ അവസാനമായി ഞാൻ നോക്കി..സ്വർഗ്ഗ സമാനമായ ഒരു നീലിമ ആ പ്രദേശത്തിനുള്ളതായി തോന്നി..

ഭക്ഷണം കഴിച്ചിട്ടില്ലെങ്കിലും എല്ലാരും ഇപ്പോൾ ഉഷാറാണ്..ഒരു ബുദ്ധിമുട്ടു അതിജീവിച്ചാൽ ഉണ്ടാകുന്ന ശക്തി...വയർലെസ്സ് സംഭാഷണങ്ങൾ വീണ്ടും സജീവമായി..അടുത്തുള്ള നല്ല ഒരു ലൊക്കേഷനിൽ വച്ച് എല്ലാരും കുറച്ചു ഫോട്ടോസ് എടുത്തു..ടൗണിൽ ഉള്ള ചെറിയ ഹോട്ടൽ ഇൽ നിന്ന് ഭക്ഷണം ഒക്കെ കഴിച്ചു..അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ കയറി പ്രാഥമിക കാര്യങ്ങളും നിർവഹിച്ചു,..യാത്ര തുടർന്നു..ഞാൻ പിന് സീറ്റിൽ ആയിരുന്നു...സൗദിക്കാരൻ തന്റെ പ്രണയിനിയെ കുറിച്ച് മുൻപിൽ ഇരിക്കുന്ന മറ്റൊരുവനോട് പറയുന്നുണ്ട്..

ഈ യാത്രയിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ താഴെ ചേർക്കുന്നു.

ഒരു രാജ്യത്തിൻറെ സമ്പത്തു ആ രാജ്യത്തിൻറെ പൗരന്മാർ ആണ്..അവരുടെ  മനോഭാവം..നാടിനെ സ്വന്തം വീട് പോലെ കാണുന്നവർ..

ജോലിയുടെ സ്വഭാവം ജീവിതവുമായി കൂട്ടി കുഴക്കരുത്...ജീവിക്കാൻ ആവശ്യം ആയ ആയിരം ഘടകങ്ങളിൽ ഒന്ന് മാത്രം ആണ് ജോലി..

തയ്യാറെടുപ്പുകൾ വളരെ പ്രാധാന്യം ഉള്ളതാണ്..തയ്യാറെടുപ്പില്ലാതെ പോകാൻ പറ്റുന്ന സ്ഥലം ഷോപ്പിംഗ് മാളുകൾ മാത്രം ആണ്..

പ്രതീക്ഷ കൈവിടുക എന്നതും മരിക്കുക എന്നതും ഒരുപാടു അടുത്ത് നിൽക്കുന്ന പദങ്ങളാണ്..


















Comments

Popular posts from this blog

മടിയൻ പറഞ്ഞതും പറയാത്തതും..

ജനിച്ചപ്പോൾ എനിക്ക് ചുറ്റുമുള്ളവർ എന്നെ പോലെ തന്നെ കുഴിവക്കത്തുണ്ട്...ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും തിരക്കിലാണ്....ഇരിക്കുന്ന സ്ഥലം വെടിപ്പാക്കന്നവരുണ്ട്, കുഴിയിലോട്ട് നീണ്ടിരിക്കുന്ന കാലിനെ പരിചരിക്കുന്നവർ, ചേല മിനുക്കുന്നവർ..എനിക്ക്   മുൻപേ വന്ന ചിലർ  ഇതെല്ലാം ചെയ്തു അതിലോട്ട് എടുത്തു ചാടുന്നതും മറ്റു ചിലർ വഴുതി വീഴുന്നതും എനിക്ക് കാണാം..ഒരാളെയും ഒരു പരിധിയിൽ കവിഞ്ഞു ആ കുഴിയുടെ വക്കിൽ  ചിലവഴിച്ചു കണ്ടതായോ കേട്ടതായോ എനിക്കോർമ്മയില്ല...ഇവരിൽ പലരും എന്റെ ആവാസ വ്യവസ്ഥ തകർക്കുന്നതായി എനിക്ക് തോന്നി.. വായു പോലെ എനിക്കും കൂടെ അവകാശപ്പെട്ട  ജലം,ഭൂമി, ആഹാരം കൈക്കലാക്കി എന്നോട് വിലപേശുന്നു..വിലകൊടുത്തില്ലേൽ കുഴിയിൽ വീണു പോവുമെന്ന് പറഞ്ഞവർ ഭയപ്പെടുത്തി..അതിനാൽ ഞാനും അവരെ പോലെ കയ്യടക്കാൻ തുടങ്ങി..എനിക്കും ഇപ്പോൾ ധൃതിയുണ്ട്...എനിക്ക് ചുറ്റുമുള്ളവർക്ക് എന്റെ മാറ്റത്തിൽ അതിയായ സന്തോഷമുണ്ട്.....ഞാനും അടുത്ത് നിൽക്കുന്നവരോട്അവർക്കില്ലാത്ത സൗഭാഗ്യങ്ങളെ പറ്റി ജാള്യത കൂടാതെ ചോദിയ്ക്കാൻ പഠിച്ചു.. .എന്റെ  കാലുകളും ഇപ്പോൾ കുഴിക്കുള്ളിലേക്ക് നീളുന്നു..നീളം വര്ധിക്കുന്നതിന്റെ വേഗത ഇപ്പോൾ വളരെ കൂടുതലാണ്.

മാസായി മാര... (യാത്രാ വിവരണം - Manto Konikkara)

കൂട്ടുകാർ കുറെ ഉണ്ടെങ്കിലും ഒരു അരിപ്പ എടുത്തു അരിക്കുമ്പോൾ നമ്മൾ എടുത്തു കളയാൻ അരിപ്പയിൽ അവശേഷിച്ച ധാന്യമണികൾ എന്നു വേണേൽ വിളിക്കാം..ഈ കഥയിൽ ഞങ്ങൾ എന്നു പറയുന്നത് ഈ നാലു ധാന്യമണികളും പിന്നെ അവരുടെ കുടുംബവും ആണ്...എറിയുമ്പോൾ വന്നു വീഴുന്ന സ്ഥലം പലതാണ്...കോളേജിൽ കണ്ടിട്ടുണ്ട് എന്നോർത്ത് ഞങ്ങൾ ഒരുമിച്ചല്ല ക്ലാസ്സിൽ ഇരുന്നത്...ഇപ്പോഴും ഞങ്ങൾ ഒന്നിച്ചൊന്നും അല്ല..ഒരാൾ അബുദാബി, ഒരാൾ ദുബായ്, ഒരാൾ ഷാർജ, ഒരാൾ സൗദി..തമ്മിൽ യാതൊരു സാമ്യതകളും ഇല്ല.. വിപരീത ധ്രുവങ്ങൾ ആകർഷിക്കും എന്നു ശാസ്ത്രത്തിൽ പഠിച്ചത് ജീവിതത്തിലും ശരിയാണ്... ഗൾഫിൽ ജാതി മതഭേതമന്യേ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈദ് ഒഴിവു ദിവസങ്ങൾ..അതുകൊണ്ട് ഒരു മാസം മുൻപെ ആസൂത്രണത്തിന്റെ ഭാഗമായി കുറെ ആഡംബര റിസോർട്സിന്റെ വില വിവര പട്ടികയെല്ലാം നോക്കി അന്ധാളിച്ചിരുന്നു..അടുത്ത് കിടക്കുന്ന സലാല എങ്കിലും പോവാൻ പറ്റാത്ത അവസ്ഥ..നാട്ടിൽ പോവാൻ ഓർത്തു വിമാനത്തിന്റെ ടിക്കറ്റ്‌ നിലവാരം കണ്ടപ്പോൾ ഞെട്ടി.. ആസൂത്രണം നിർത്തി വീട്ടിൽ കഴിഞ്ഞു കൂടാൻ തീരുമാനിക്കുന്നതിന് തൊട്ട് മുൻപെ ഉള്ള നിമിഷം..ചിന്താ ധാര ഇങ്ങനെ പോയി. "എളുപ്പത്തിൽ സുഖം